ആന്ത്രോത്ത് ജുമാപള്ളിയുടെ ‘മുതവല്ലി’സ്ഥാനം പരമ്പരാഗതമായി നൽകിവരുന്നതിൽ തെറ്റില്ല- സുപ്രീംകോടതി - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ആന്ത്രോത്ത് ജുമാപള്ളിയുടെ ‘മുതവല്ലി’സ്ഥാനം പരമ്പരാഗതമായി നൽകിവരുന്നതിൽ തെറ്റില്ല- സുപ്രീംകോടതി


ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ജുമാപള്ളിയുടെ ‘മുതവല്ലി’സ്ഥാനം ഒരുകുടുംബത്തിനുമാത്രം പരമ്പരാഗതമായി നൽകിവരുന്നതിൽ തെറ്റില്ലെന്നു സുപ്രീംകോടതി.

ഇത്തരം അവകാശങ്ങൾ ആചാരപരമായി നൽകിവരുന്നതു പൊതുനയത്തിന്റെ ലംഘനമാണെന്ന വാദം ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി. വിവിധ ആരാധനാലയങ്ങളിൽ ചില കുടുംബങ്ങൾ പരമ്പരാഗതമായി പ്രത്യേകാവകാശങ്ങൾ തുടരുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിധി നിർണായകമായേക്കാം.
ലക്ഷദ്വീപ് വഖഫ് ബോർഡിനു കീഴിലുള്ള ആന്ത്രോത്ത് ജുമാപള്ളിയിലെ മുതവല്ലിസ്ഥാനം പാട്ടക്കൽകുടുംബം തുടർന്നുവരുന്നതു ചോദ്യംചെയ്ത് ആലിയത്തമ്മുദ തറവാട്ടുകാരും മറ്റും നൽകിയ ഹർജികളാണു സുപ്രീംകോടതി തള്ളിയത്. മുതവല്ലിക്കു മേൽനോട്ടച്ചുമതല മാത്രമേയുള്ളൂവെന്നും പൊതുസ്വഭാവമുള്ള വഖഫിന്റെ സ്വത്ത് കൈകാര്യം ചെയ്യാൻ അവകാശമില്ലെന്നും കേരള ഹൈക്കോടതിവിധി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. മോശമായി ഭരിച്ചാൽ മുതവല്ലിയെ നീക്കാനും തടസ്സമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

1300-ലേറെ വർഷം പഴക്കമുള്ള ആന്ത്രോത്ത് പള്ളി സ്ഥാപിച്ച ഉബൈദുള്ളയുടെ പിൻതലമുറക്കാരായ പാട്ടക്കൽകുടുംബത്തിലെ ഏറ്റവും മുതിർന്ന പുരുഷനാണു മുതവല്ലിസ്ഥാനം നൽകിവരുന്നത്. ആദ്യ മുതവല്ലിയായ ഉബൈദുള്ളയുടെ പിൻതലമുറക്കാരായ തങ്ങളുടെ പരമ്പരാഗത അവകാശമാണ് ഈ സ്ഥാനമെന്നു പാട്ടക്കൽ കുടുംബത്തിനുവേണ്ടി മുതിർന്ന അഭിഭാഷകരായ ആർ. ബസന്ത്, തോമസ് പി. ജോസഫ്, ഇ.എം.എസ്. അനാം എന്നിവർ വാദിച്ചു.

പള്ളിയുടെ ഖത്തീബുമാരായ തങ്ങൾ ആന്ത്രോത്ത് ദ്വീപുവാസികളുടെ പ്രതിനിധികളാണെന്ന് ആലിയത്തമ്മുദ തറവാട്ടുകാർ അവകാശപ്പെട്ടു. പാട്ടക്കൽ കുടുംബം മുതവല്ലിസ്ഥാനം പരമ്പരാഗതമായി തുടർന്നുവെന്ന വാദം ശരിയല്ലെന്നും ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്‌ഡെ, അഡ്വ. എ. രഘുനാഥ് എന്നിവർ വാദിച്ചു. ഇടക്കാലത്തുണ്ടായിരുന്ന സമിതിയുടെ പ്രസിഡന്റ് പാട്ടക്കൽ കുടുംബത്തിലെ മുൻതലമുറക്കാരനായ കോയമ്മക്കോയ തങ്ങളായിരുന്നു. ‍1974-ൽ ചില തർക്കങ്ങളെത്തുടർന്നാണു കോയമ്മക്കോയ തങ്ങളെ മാറ്റിയത്. അതിനാൽ മുതവല്ലിസ്ഥാനം പാട്ടക്കൽ കുടുംബത്തിന്റെ പരമ്പരാഗത അവകാശമല്ലെന്നും ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ അവകാശവാദമെന്നും ഹർജിക്കാർ പറഞ്ഞു.

ഉബൈദുള്ള തങ്ങളാണ് ആദ്യ മുതവല്ലി എന്നതിൽ ചരിത്രകാരന്മാർക്ക് ഏകാഭിപ്രായമാണ്. അങ്ങനെയല്ലെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഹർജിക്കാർക്കു സാധിച്ചില്ലെന്നും ജസ്റ്റിസ് എം.എം. ശാന്തനഗൗഡർ എഴുതിയ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
കടപ്പാട്: മാതൃഭൂമി

No comments:

Post a Comment

Post Bottom Ad