ലക്ഷദ്വീപിനോട് ചേർന്നു ന്യൂനമര്‍ദം; ചുഴലിക്കാറ്റായി മാറാൻ സാധ്യത - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപിനോട് ചേർന്നു ന്യൂനമര്‍ദം; ചുഴലിക്കാറ്റായി മാറാൻ സാധ്യത

തിരുവനന്തപുരം ∙ തെക്കു കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേർന്നു ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ സംസ്ഥാനത്തു മഴ ശക്തമാകും. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇതു തീവ്ര ന്യൂനമർദമായി പരിണമിക്കാൻ സാധ്യതയുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റായി പരിണമിക്കുകയും വടക്ക്, വടക്ക്-പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി.

കാലവർഷം: ജാഗ്രത പാലിക്കണം
ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കായി നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ജൂൺ ഒന്‍പതിന് തെക്കു പടിഞ്ഞാറ്, തെക്കു കിഴക്ക്, മധ്യ കിഴക്ക് അറബിക്കടൽ, തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപ്, കേരള-കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ കടലിൽ പോകരുത്.

10ന് തെക്കുപടിഞ്ഞാറ്, തെക്കു കിഴക്ക്, മധ്യ കിഴക്ക് അറബിക്കടൽ, തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപ്, കേരള-കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ കാറ്റ്‌ വീശാൻ സാധ്യതയുള്ളതിനാൽ ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കടുത്ത ചൂടിനും ജലക്ഷാമത്തിനും അറുതി വരുത്തി ഇടവപ്പാതി എത്തിയെങ്കിലും സംസ്ഥാനമൊട്ടുക്കും കാര്യമായ മഴ ലഭിച്ചു തുടങ്ങിയിട്ടില്ല. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ചെറിയ തോതില്‍ മഴ ലഭിച്ചെങ്കിലും വടക്കന്‍ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിട്ടില്ല. വരുന്ന 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം സജീവമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളിലും കനത്ത മഴ പെയ്തു. തെക്കന്‍ ജില്ലകളില്‍ ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ട്. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ വരണ്ട കാലാവസ്ഥയും കടുത്ത ചൂടും തുടരുകയാണ്. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്.

തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇടിമിന്നലിനും സാധ്യതയുണ്ട്. പ്രതീക്ഷിച്ചതിലും അൽപം വൈകിയാണെങ്കിലും രാജ്യത്തു ലഭിക്കുന്ന മഴയുടെ എഴുപതു ശതമാനവും കൊണ്ടുവരുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ അളവില്‍ ഇക്കുറിയും കുറവുണ്ടാകില്ലെന്നാണ് നിഗമനം. കഴിഞ്ഞ മഴക്കാലത്ത് സംഭവിച്ചതുപോലുള്ള പ്രളയത്തിനും ഇത്തവണ സാധ്യതയില്ല.

No comments:

Post a Comment

Post Bottom Ad