ദ്വീപ് ജനങ്ങൾക്ക് നന്ദി പറഞ്ഞ് പി.പി.മുഹമ്മദ് ഫൈസൽ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ദ്വീപ് ജനങ്ങൾക്ക് നന്ദി പറഞ്ഞ് പി.പി.മുഹമ്മദ് ഫൈസൽ


പതിനേഴാം ലോകസഭ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപ് നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച എൻ.സി.പി സ്ഥാനാർഥി പി.പി.മുഹമ്മദ് ഫൈസൽ ദ്വീപ് ജനങ്ങൾക്ക് നന്ദി പറഞ്ഞു. പതിനേഴാം ലോകസഭയിലേക്ക് നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത ഓരോരുത്തർക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ഹംദുള്ളാ സയീദിനെ 823 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പി.പി.മുഹമ്മദ്  ഫൈസൽ വിജയിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

പ്രിയപ്പെട്ട ലക്ഷദ്വീപ് നിവാസികളെ.
പതിനേഴാം ലോകസഭയിലേക്ക് നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത ഓരോരുത്തർക്കും ആദ്യമായി ഹൃദ്യമായ നന്ദി അറിയിക്കുന്നു.

മാസങ്ങളോളമായി ഊണും ഉറക്കവും ഇല്ലാതെ കൂടെ നിന്ന് പ്രവർത്തിച്ച ഒരുപാട് നിസ്വാർത്ഥരായ പാർട്ടി പ്രവർത്തകർ, എന്റെ കുഞ്ഞനുജന്മാർ. ആരെയും പേരെടുത്ത് പരാമർശിക്കുന്നില്ല. വോട്ടെടുപ്പിന് മുമ്പ് തന്നെ സാമൂഹ്യ വിരുദ്ധരുടെ അക്രമത്തിന് ഇരയായ ആന്ത്രോത്ത് പണ്ടാത്ത് ഭാഗത്ത് എല്ലാവരും സ്നേഹിക്കുന്ന കാച്ചി സാർ. ഒരു ഉറുമ്പിനെ പോലും അദ്ദേഹം നോവിച്ചതായി ആർക്കും പറയാൻ സാധിക്കില്ല എന്നിരിക്കെ ക്രൂരമായി ആക്രമിക്കപ്പെട്ടത് നമ്മുടെ രാഷ്ട്രീയ നിലപാടുകളോട് യോജിച്ച് നിന്നു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണ്. കാച്ചി സാർ മാത്രമല്ല, നിരവധി പ്രവർത്തകരാണ് ഈ കാലയളവിൽ ആക്രമിക്കപ്പെട്ടത്. എല്ലാവരെയും സ്മരിക്കുന്നു.

നമുക്ക് വേണ്ടി നിശബ്ദതമായി വോട്ട് ചെയ്ത ധാരാളം കോൺഗ്രസ് പ്രവർത്തകരുണ്ട്. പലരും പ്രചാരണ വേളയിൽ നമ്മുടെ വേദിയിൽ എത്തി ഹാരമണിയിക്കണം എന്ന് വാശിപിടിച്ച യുവാക്കൾ. കുടുംബത്തിൽ ഭിന്നിപ്പുകൾ ഉണ്ടാവാതിരിക്കാൻ അവരെ അതിന് നമ്മുടെ നേതാക്കൾ അനുവദിച്ചില്ല. പ്രത്യേകിച്ച് ആന്ത്രോത്ത് ദ്വീപിലെ ഒരുപാട് യുവാക്കൾ.  ആരെയും മറക്കുന്നില്ല.

ആക്രമണങ്ങൾ മുഴുവനും ഉണ്ടായത് നമ്മുടെ മുന്നേറ്റങ്ങൾ തടയാനാണ്. തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്ന എല്ലാ പാർട്ടികളും ഒരുപോലെ ലക്ഷ്യം വെച്ചതും നമ്മുടെ പരാജയമായിരുന്നു. എന്നാൽ എല്ലാവരുടെയും ഓരോ നീക്കവും മനസ്സിലാക്കി സമയോജിതമായി ഉണർന്നു പ്രവർത്തിച്ച എന്റെ പ്രിയപ്പെട്ട പ്രവർത്തകരുടെ ഒരു പ്രവർത്തനവും വെറുതെയായിട്ടില്ല. എല്ലാ ദ്വീപുകളിലും നമ്മുടെ പരാജയം കാണാനായി പല കുതന്ത്രങ്ങളും പുറത്തെടുത്തവർ, കുടുംബങ്ങളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചവർ, പ്രവർത്തകരെ പണം കൊടുത്ത് വരുതിയിലാക്കാൻ ശ്രമിച്ചവർ, എല്ലാവരും ഇന്ന് പരാജയപ്പെട്ടിരിക്കുന്നു. ലക്ഷദ്വീപിലെ ജനങ്ങളെ തോൽപ്പിക്കാൻ ശ്രമിച്ചവർ സ്വയം തോറ്റിരിക്കുന്നു. നമ്മൾ വിജയിച്ചിരിക്കുന്നു. ഇതിലും വലിയ ഒരു തിരിച്ചടിയും അവർക്ക് ഇനി കൊടുക്കാനില്ല. പ്രിയപ്പെട്ട പ്രവർത്തകർ സംയമനം പാലിക്കുക.

  قَالَ لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّهُ لَكُمْ ۖ وَهُوَ أَرْحَمُ الرَّاحِمِينَ .
"ഇന്നേദിവസം ആരോടും പ്രതികാരമില്ല. അള്ളാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ. ഏറ്റവും വലിയ കരുണാനിധിയും കാരുണ്യവാനും അവനത്രെ" എന്ന ഖുർആനിക വചനമാണ് എന്റെ സ്നേഹം നിറഞ്ഞ യുവാക്കളെ ഓർമിപ്പിക്കാനുള്ളത്.

വളരെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് നടന്നത്. വിജയം രണ്ട് പാർട്ടിക്കാർക്കും അനിവാര്യമായിരുന്നു. അതുകൊണ്ട് തന്നെ, പ്രചാരണ വേളയിൽ ചിലതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറയേണ്ടി വന്നിട്ടുണ്ടാവാം. എല്ലാം മറന്ന് ഐക്യത്തോടെ നമുക്ക് മുന്നോട്ട് പോകാം. നമ്മൾ ഇനിയും ഈ കൊച്ചു തുരുത്തുകളിൽ സ്നേഹത്തോടെ കഴിയേണ്ടവരാണ്.

മുൻപ് പറഞ്ഞത് പോലെ, ഞാൻ ലക്ഷദ്വീപിന്റെ എം.പിയാണ്. നിങ്ങളുടെ ഏത് ആവശ്യങ്ങൾക്കും ഞാനുമായി ബന്ധപ്പെടാം. എന്റെ അടുത്ത് സഹായം അഭ്യർത്ഥിച്ചു വന്ന ആരോടും നിങ്ങളുടെ പാർട്ടി ഏതാണെന്ന് ഞാൻ ചോദിച്ചിട്ടില്ല. ഇനി ചോദിക്കുകയുമില്ല. മെമ്പർഷിപ്പ് എടുക്കുമോ എന്ന് ചോദിക്കാൻ മാത്രം ഇടുങ്ങിയ മനസ്സല്ല ഞങ്ങളുടേത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോടികളുടെ ധനസഹായമാണ് എം.പി  എന്ന നിലയിൽ നടത്തിയ അഭ്യർഥന മുഖേന ലക്ഷദ്വീപിലെ സാധാരണക്കാരായ രോഗികൾക്ക് ലഭ്യമാക്കിയത്. അത് ലഭിച്ച ആരോടും അവരുടെ പാർട്ടി ഏതാണെന്നോ കൊടിയുടെ നിറമേതാണെന്നോ ചോദിച്ചിട്ടില്ല. ഇതു പറഞ്ഞത്, നിങ്ങൾക്കും ഒരു ആവശ്യമുണ്ടായാൽ മടിച്ചു നിൽക്കരുത് എന്ന് ബോധ്യപ്പെടുത്താനാണ്. ധൈര്യമായി വന്ന് നിങ്ങളുടെ ആവശ്യങ്ങൾ പറയണം. ഇൻഷാ അള്ളാഹ്. നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ട് പോകാം. നാഥൻ തുണക്കട്ടെ.

തോളോടു തോൾ ചേർന്നു നിന്ന് പ്രവർത്തിച്ച നേതാക്കൾ, പ്രവർത്തകർ, എൽ.എസ്.എയുടെ  ചുണക്കുട്ടികൾ, സാമ്പത്തികമായും ശാരീരികമായും സഹായങ്ങൾ ചെയ്ത എൽ.ജി.ഇ.യുവിന്റെ ഭാരവാഹികൾ, മനസ്സ് കൊണ്ട് കൂടെ നിന്നവർ, ആത്മാർത്ഥമായി പ്രാർത്ഥിച്ച ഉമ്മമാർ, ഗൾഫ് നാടുകളിൽ നിന്ന് വരെ വന്ന് വോട്ട് രേഖപ്പെടുത്തിയ സഹോദര സഹോദരിമാർ, വോട്ടർമാരെ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി മാസങ്ങളോളം കൊച്ചിയിലും ബേപ്പൂരും മംഗലാപുരത്തുമായി ക്യാമ്പ് ചെയ്ത് പ്രവർത്തിച്ച സ്നേഹം നിറഞ്ഞ എന്റെ അനിയന്മാർ, വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് മുതൽ വോട്ടർമാരെ ബൂത്തിൽ എത്തിക്കുന്നത് വരെ കഠിനാദ്ധ്വാനം ചെയ്തവർ, സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണങ്ങൾ സജീവമാക്കിയ സോഷ്യൽ മീഡിയ ടീം തുടങ്ങി എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇനിയുള്ള പ്രയാണത്തിലും എനിക്ക് കൂട്ടായുള്ളത് നിങ്ങൾ മാത്രമാണ്. തുടർന്നുള്ള പ്രവർത്തനങ്ങളിലും നിങ്ങളുടെ എല്ലാവിധ പിന്തുണയും പ്രാർഥനയും അഭ്യർഥിക്കുന്നു.

സ്നേഹത്തോടെ.
പി.പി.മുഹമ്മദ് ഫൈസൽ

No comments:

Post a Comment

Post Bottom Ad