ലക്ഷദ്വീപിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

കൊച്ചി: ലക്ഷദ്വീപിലേക്ക് കടത്താൻ ശ്രമിച്ച രണ്ടേകാൽ കിലോ കഞ്ചാവ് പിടികൂടി. വെള്ളിയാഴ്ച വില്ലിങ്ടൺ ഐലൻഡിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള എം വി കവരത്തി കപ്പലിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കവരത്തി പൂവിനോടയിൽ റമീസ് ഖാൻ (20), കവരത്തി ബാദ്ഷ നിവാസിൽ അർഷാദ് (20) എന്നിവരെ സുരക്ഷാസേന അറസ്റ്റ്ചെയ്തു. കപ്പലിലേക്ക് കയറ്റുന്ന സാധനങ്ങൾ സ്കാൻ ചെയ്യുന്നതിനിടയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ഷംഷീറിന്റെ ശ്രദ്ധയിൽപ്പെട്ട കഞ്ചാവ് പായ‌്ക്കറ്റ് സംശയത്തെത്തുടർന്ന്  ഉടമയുടെ സാന്നിധ്യത്തിൽ വിശദ പരിശോധനയ‌്ക്കായി മാറ്റിവച്ചു. ഇതിനിടയിൽ പ്രതികൾ കപ്പലിൽ കയറിയിരുന്നു.

ഏറെനേരം കാത്തിരിന്നിട്ടും പായ‌്ക്കറ്റ് അന്വേഷിച്ച് ആളെത്താതായതോടെ ലക്ഷദ്വീപ് വെൽഫെയർ ഓഫീസറുടെ സാന്നിധ്യത്തിൽ സുരക്ഷാസേന പായ‌്ക്കറ്റ് തുറന്നു പരിശോധിച്ചപ്പോൾ കഞ്ചാവാണെന്നു കണ്ടെത്തുകയായിരുന്നു. ഇതൊടൊപ്പമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ  എടിഎമ്മിൽനിന്ന് തുക പിൻവലിച്ച സ്ലിപ്പ‌് ലഭിച്ചു. അക്കൗണ്ട‌് കപ്പൽ യാത്രക്കാരനായ റെമീസിന്റേതാണെന്ന‌് കണ്ടെത്തുകയും കപ്പലിലെ വെൽഫെയർ ഓഫീസറുമായി ബന്ധപ്പെട്ട് ഇയാളെ തടഞ്ഞുവയ‌്ക്കുകയുമായിരുന്നു.  കൂട്ടാളിയായ അർഷാദിനെയും പിടികൂടി. സിഐഎസ്എഫ് ഇൻസ്പെക്ടർ ശ്രീവിദ്യ, എസ്ഐ ഹൻസ് രാജ്മീന, കോൺസ്റ്റബിൾമാരായ കരംബീർ, ബൈജു, പാണ്ഡുരംഗ്, സോളി പീറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്. പിടികൂടിയ കഞ്ചാവും പ്രതികളെയും തുടർനടപടികൾക്കായി  പിന്നീട് ഹാർബർ പൊലീസിന് കൈമാറി.

കടപ്പാട്: ദേശാഭിമാനി
Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.