ഉൾക്കടലിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ തീരത്തെത്തിച്ചു


തിരുവനന്തപുരം: യന്ത്രതകരാറിനെ തുടർന്ന് ഉൾക്കടലിൽപ്പെട്ടുപോയ ബോട്ടിനെയും അതിലെ തൊഴിലാളികളെയും രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. തൂത്തൂർ സ്വദേശി ക്ലീറ്റസിന്റെ ലൂമീനസ് എന്ന ബോട്ടാണ് നവംബർ മൂന്നിന് എൻജിൻ നിലച്ച് കാറ്റിൽപ്പെട്ട് ഒഴുകിയത്. ബോട്ടിലെ തൊഴിലാളികളായ കരിങ്കുളത്തുള്ള അഞ്ചുപേരേയും തമിഴ്‌നാട്ടിലെ അഞ്ചുപേരേയും വടക്കേഇന്ത്യക്കാരായ മൂന്നുപേരുമടക്കം 13 പേരേയാണ് കൊച്ചി തുറമുഖത്ത് ബുധനാഴ്ച പുലർച്ചെ മൂന്നിന് എത്തിച്ചത്.

അഗത്തി ദ്വീപിൽ നിന്നും എത്തിയ വി.പി.മാതായെന്ന ബോട്ടിലെ ജീവനക്കാരാണ് ലക്ഷദ്വീപിൽ കുടുങ്ങിക്കിടന്ന ബോട്ടിനെ കെട്ടിവലിച്ച് തീരത്തെത്തിച്ചത്.

ഒക്ടോബർ 15-നായിരുന്നു ക്ലീറ്റസും സംഘവും ലൂമീനസ് ബോട്ടിൽ മീൻപിടിത്തത്തിനുപോയത്. മംഗളുരു ഭാഗത്ത് മീൻപിടിത്തം കഴിഞ്ഞശേഷം തിരികെ കൊച്ചിയിലേക്ക് മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്. സർക്കാർ സഹായമഭ്യർഥിച്ചെങ്കിലും ലഭിച്ചില്ല. ഇതേ തുടർന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസിനെ ഇക്കാര്യം ബോട്ടുടമ ക്ലീറ്റസ് വിളിച്ചറിയിച്ചു. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ കുറ്റപ്പെടുത്തി.

ഫെഡറേഷൻ ലക്ഷദ്വീപിലെ ഉദ്യോഗസ്ഥന്റെ സഹായം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടകയിൽ നിന്നുള്ള തീരസംരക്ഷണ സേനയെത്തി ബോട്ടിനെ കെട്ടിവലിച്ച് ലക്ഷദ്വീപിലെ മിത്രാ ദ്വീപിലെത്തിച്ചു. ഫെഡറേഷന്റെ ആവശ്യപ്രകാരം അഗത്തി ദ്വീപിൽ നിന്ന് വി.പി.മാതായെന്ന ബോട്ടെത്തി കെട്ടിവലിച്ച് തൊഴിലാളികളെയും ബോട്ടിനെയും കൊച്ചിയിൽ എത്തിക്കുകയായിരുന്നു.

കടപ്പാട്: മാതൃഭൂമി

Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.