ഗജ ചുഴലിക്കാറ്റ്; ലക്ഷദ്വീപിന് ജാഗ്രതാ നിര്‍ദേശം - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ഗജ ചുഴലിക്കാറ്റ്; ലക്ഷദ്വീപിന് ജാഗ്രതാ നിര്‍ദേശം

കവരത്തി: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ നവംബര്‍ 16 വൈകുന്നേരം മുതല്‍ നവംബര്‍ 20 വരെ തെക്ക് കിഴക്കന്‍ അറബിക്കടലിലും കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും കന്യാകുമാരി ഭാഗത്തും ഗള്‍ഫ് ഓഫ് മാന്നാറിലും ഒരുകാരണവശാലും മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറീപ്പ് നൽകി. ഇതിനോടകം ഈ മേഖലയില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയവരിലേക്ക് ഈ വിവരം അറിയിക്കുകയും നവംബര്‍ 16 ന് വൈകീട്ടോട് കൂടി അടുത്തുള്ള സുരക്ഷിതമായ തീരത്തെത്താന്‍ ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്.

ഇന്നും നാളെയും മണിക്കൂറില്‍ 40 മുതൽ 50 വരെ കിലോമീറ്റര്‍  വേഗത്തില്‍ കാറ്റ് വീശിയേക്കാം. ജാഗ്രത പുലര്‍ത്തണമെന്ന്  ഭരണകൂടം നിര്‍ദേശം നല്‍കി. ഇന്നു വൈകിട്ടുമുതല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കണമെന്നും നിര്‍ദേശിച്ചു.

അഞ്ചുദിവസം മുമ്പ് ബംഗാള്‍ ഉള്‍ക്കടലില്‍, ചെന്നൈയില്‍നിന്ന് 925 കിലോ മീറ്ററോളം അകലെയാണ് 'ഗജ' ചുഴലിക്കാറ്റ് രൂപം കൊണ്ടത്. തമിഴ്നാട്ടിലെ കടലൂരിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ വീശുമെന്നായിരുന്നു ആദ്യ പ്രവചനം. പിന്നീട് കാറ്റിന്റെ ഗതിമാറി നാഗപട്ടണം, കടലൂര്‍ തീരത്തേക്ക് നീങ്ങുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് നാഗപട്ടണത്തില്‍ നിന്ന് 510 കിലോമീറ്റര്‍ അകലെ എത്തിച്ചേര്‍ന്ന കാറ്റ് വ്യാഴാഴ്ച പകല്‍ കരുത്താര്‍ജിക്കുകയായിരുന്നു. മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തിലായിരുന്ന കാറ്റിന്റെ ശക്തി 25 കിലോമീറ്ററിലെത്തി. വൈകുന്നേരം തീരത്തിന് 135 കിലോമീറ്റര്‍ അടുത്തെത്തിയതോടെ മഴ കനത്തു. വേഗം കുറഞ്ഞും കൂടിയും നിന്നതിന് ശേഷം അര്‍ധരാത്രിക്കുശേഷം കരയിലേക്ക് വീശുകയായിരുന്നു.

നാഗപട്ടണം അടക്കം കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയത് ദുരിതത്തിന്റെ തീവ്രത കുറച്ചു. ദേശീയ ദുരന്തര നിവാരണസേനയും സംസ്ഥാന റവന്യൂ, പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളും മുന്‍ കരുതല്‍ നടപടികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു. റവന്യൂ വകുപ്പ് മന്ത്രി ആര്‍.ബി. ഉദയകുമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകട സാധ്യത മുന്‍കൂട്ടിക്കണ്ട് 63,203 പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

നാഗപട്ടണം, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചത് കൂടാതെ സ്വകാര്യകമ്പനികള്‍ അടക്കം എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ വൈകീട്ടോടെ വീടുകളിലേക്ക് മടങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. വാഹനഗതാഗതവും നിര്‍ത്തിവെച്ചു.

No comments:

Post a Comment

Post Bottom Ad