ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനം ഇന്നും നാളെയും


കൊച്ചി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഫിഷറീസ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സമ്മേളനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ.) ശനിയാഴ്ച 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

മത്സ്യമേഖലയുടെ വികസനത്തിനും സമുദ്രവിഭവ സംരക്ഷണത്തിനും ദക്ഷിണേന്ത്യയിൽ മൊത്തമായി ഏകീകൃത പരിപാലന രീതികൾ നടപ്പിലാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ആന്ധ്രപ്രദേശ്, കർണാടക, ഗോവ, കർണാടകം, തമിഴ്‌നാട്, പുതുച്ചേരി, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുക.

ചെറുമീനുകളെ പിടിക്കുന്നതിനുള്ള നിയന്ത്രണം, ദേശീയ സമുദ്ര മത്സ്യബന്ധന നയം, വിനാശകരമായ മീൻപിടിത്ത രീതികൾ, വലകളുടെ വലിപ്പം-കണ്ണിവലിപ്പം എന്നിവയിലെ നിയന്ത്രണം, മീൻപിടിത്ത ബോട്ട് നിർമാണത്തിലെ നിയന്ത്രണം, മീൻപിടിത്ത യാനങ്ങൾ മറ്റ് രാജ്യങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിക്കുന്നത് തടയൽ, കാലാവസ്ഥാ വ്യതിയാനം, കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം, കയറ്റുമതി ശക്തിപ്പെടുത്തുന്നതിനാവശ്യമായ സർട്ടിഫിക്കേഷൻ, സമഗ്ര ജലപരിഷ്കരണ നിയമം തുടങ്ങിയ വിഷയങ്ങളിലാണ് സമ്മേളനത്തിൽ ചർച്ചകൾ നടക്കുക.

മത്സ്യത്തൊഴിലാളി പ്രതിനിധികൾ, മത്സ്യക്കയറ്റുമതി പ്രതിനിധികൾ എന്നിവരുടെ പ്രത്യേക യോഗം ഞായറാഴ്ച നടക്കും.
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ, സി.എം.എഫ്.ആർ.ഐ., സി.ഐ.എഫ്.ടി., കുഫോസ് എന്നിവർ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സി.എം.എഫ്‌.ആർ.ഐ. ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ, സി.ഐ.എഫ്.ടി. ഡയറക്ടർ ഡോ. സി.എൻ. രവിശങ്കർ, കുഫോസ് രജിസ്‌ട്രാർ വി.എം. വിക്ടർ ജോർജ്, ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ പി. സഹദേവൻ, സി.ആർ. സത്യവതി, ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കടപ്പാട്: മാതൃഭൂമി

Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.