ബേപ്പൂരില്‍നിന്നു ദ്വീപിലേക്കുള്ള ചരക്കുനീക്കം ആരംഭിച്ചു

ബേപ്പൂർ: മണ്‍സൂണ്‍കാല നിയന്ത്രണത്തിനു ശേഷം ബേപ്പൂര്‍ തുറമുഖത്ത് നിന്നു ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം ഇന്ന് മുതല്‍. സീസണിലെ ആദ്യ ഉരു ചരക്കുമായി മിനക്കോയ് ദ്വീപിലേക്ക് ഇന്നു രാവിലെ പുറപ്പെടും. പോര്‍ട്ട് അധികൃതരുടെ ക്ലിയറന്‍സ് ലഭിച്ച് എം.എസ്.വി രാജാമണി ഉരുവാണ് ഭക്ഷ്യവസ്തുക്കളും നിര്‍മാണ സാമഗ്രികളുമായി പോകുന്നത്. 

കൂടാതെ ദ്വീപിലേക്ക് ചരക്കുമായി പോകുന്നതിനായി 11 ഉരുക്കള്‍ തുറമുഖത്തെത്തിയിട്ടുണ്ട്. ഇതില്‍ മിനിക്കോയ്ക്കുള്ള ഷാലോം, അഗത്തിയിലേക്കുള്ള സ്‌മൈല, അമിനി ദ്വീപിലേക്കുള്ള മൗലാന എന്നീ ഉരുക്കള്‍ ചരക്കു കയറ്റി പോകാന്‍ സജ്ജമായിട്ടുണ്ട്. യാത്രാനുമതി ലഭിച്ചാല്‍ ഇന്നു വൈകിട്ടോടെ തന്നെ പോകാനാവുമെന്നാണ് പ്രതീക്ഷ. മര്‍ക്കന്റയില്‍ മറൈന്‍ നിയമപ്രകാരം നോണ്‍ മേജര്‍ തുറമുഖമായ ബേപ്പൂരില്‍ മെയ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ജലയാനങ്ങള്‍ക്ക് ഭാഗികമായി യാത്രനിരോധനമുളളത്. എന്നാല്‍ ഈ സമയത്ത് വലിയ കപ്പലുകള്‍ക്ക് സര്‍വിസ് നടത്തുന്നതിന് നിരോധനമില്ല. ഈ കാലയളവില്‍ ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലുകളാണ് ദ്വീപിലേക്ക് വേണ്ട ഭക്ഷ്യസാധനങ്ങളും മറ്റു വസ്തുക്കളും കൊണ്ടു പോകാറുള്ളത്. ബേപ്പൂരില്‍നിന്നു ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലുകളുടെ സര്‍വിസ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഉരുക്കളില്‍ ചരക്ക് നീക്കം ആരംഭിച്ചതോടെ ബേപ്പൂര്‍ തുറമുഖം സജീവമായി. 30 ഉരുക്കളാണ് ഇവിടെ നിന്നു ദ്വീപിലേക്ക് ചരക്കുമായി പോകുന്നത്.
Labels:
[facebook][disqus]

Author Name

Powered by Blogger.