ദ്വീപിലെ ആദ്യ വനിതാ വെറ്റിനറി സർജനായ ഡോ. പി.പി. നിലൂഫറിനെ കുറിച്ചുള്ള മാതൃഭൂമി പോസ്റ്റ് വൈറലാവുന്നു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ദ്വീപിലെ ആദ്യ വനിതാ വെറ്റിനറി സർജനായ ഡോ. പി.പി. നിലൂഫറിനെ കുറിച്ചുള്ള മാതൃഭൂമി പോസ്റ്റ് വൈറലാവുന്നു


ലക്ഷദ്വീപിലെ ആദ്യ വനിതാ വെറ്റിനറി സർജനായ ഡോ. പി.പി. നിലൂഫറിനെ കുറിച്ചുള്ള മാതൃഭൂമി പോസ്റ്റ് വൈറലാവുന്നു. പശുക്കളെയും ആടുകളെയും ചികിത്സിക്കാൻ ഒരു പെണ്ണോ, ലക്ഷദ്വീപിലെ ആദ്യ വനിതാ വെറ്റിനറി സർജനായി ഡോ. പി.പി. നിലൂഫർ കവരത്തി ഡയറി ഫാമിൽ ചുമതലയേൽക്കുമ്പോൾ ദ്വീപുകാർക്കെല്ലാം അമ്പരപ്പുംആകാംക്ഷയുമായിരുന്നു. എന്നാൽ പതുക്കെ അതെല്ലാം മാറി ദ്വീപുകാരുടെ പ്രിയപ്പെട്ടവളായി മാറി നിലൂഫർ. കവരത്തി ഡയറി ഫാമിൽ വെറ്റിനറി സർജനായി ജോലിയിൽ കയറിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. രാവിലെഏഴ് മുതൽ വൈകീട്ട് ഏഴ് വരെ നീളുന്ന ജോലിത്തിരക്കുകൾക്കിടയിലും ഡയറിഫാമിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലക്ഷദ്വീപിലെ മൃഗസംരക്ഷണരംഗത്തെക്കുറിച്ചും നിലൂഫർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
കൽപേനിയിൽ നിന്ന് മണ്ണുത്തിയിലേക്ക്
ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറായ ഡോ. പി. ആറ്റക്കോയയുടെയും പി.പി. കുഞ്ഞീബിയുടെയും ഏകമകളാണ് ഡോ. പി.പി. നിലൂഫർ. പത്താംക്ലാസ് വരെ കൽപേനി സ്കൂളിൽ. അതിനുശേഷം ഇടപ്പള്ളി അൽ അമീൻ സ്കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായി പ്ലസ്ടു വിദ്യാഭ്യാസം. മൃഗഡോക്ടറായ പിതാവിനൊപ്പം ചെറുപ്പംതൊട്ട് ഡയറിഫാമിലും വെറ്റിനറി ആശുപത്രിയിലും പോയിരുന്ന നിലൂഫറിന് പ്ലസ്ടുവിന് ശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കണമെന്നത് സംബന്ധിച്ച് കൂടുതൽ ആലോചിക്കാനുണ്ടായിരുന്നില്ല. ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു പെൺകുട്ടിയും ബി.വി.എസ്.സി കോഴ്സിന് ചേർന്നിട്ടില്ലെന്നത് കേട്ടപ്പോൾ പിതാവിന്റെ പാത തിരഞ്ഞെടുക്കാൻ നിലൂഫർ മനസിലുറപ്പിച്ചു. അങ്ങനെ ബി.വി.എസ്.സി പഠിക്കാനായി മണ്ണുത്തിയിലേക്ക്.
മണ്ണുത്തിയിലെ പഠനം
2016ൽ മണ്ണുത്തിയിൽ നിന്ന് ബി.വി.എസ്.സി കോഴ്സ് പൂർത്തിയാക്കി. ഇതിനിടെ തിരുവനന്തപുരം മൃഗശാലയിലടക്കം കേരളത്തിന്റെ വിവിധഭാഗങ്ങളിലായി ഇന്റേൺഷിപ്പും ചെയ്തു. ശേഷം ലക്ഷദ്വീപിൽ മടങ്ങിയെത്തി ഉന്നതപഠനത്തിനായി തയ്യാറെടുക്കുമ്പോഴാണ് കവരത്തി ഡയറി ഫാമിൽ വെറ്റിനറി സർജനായി ജോലി ലഭിക്കുന്നത്. ഇതോടെ അൽപകാലം ജോലി ചെയ്തശേഷം ഉന്നതപഠനത്തിന് പോകാമെന്നായി തീരുമാനം. അങ്ങനെ 2017 ഏപ്രിലിൽ കവരത്തി ഡയറി ഫാമിൽ വെറ്റിനറി സർജനായി ചുമതലയേറ്റു.
കവരത്തി ഡയറി ഫാമിലെ ആദ്യദിനങ്ങൾ
ഒരു വനിതാ വെറ്റിനറി സർജൻ ആടിനെയും പശുവിനെയും ചികിത്സിക്കാനെത്തുന്നത് ആദ്യമൊന്നും ദ്വീപുകാർക്ക് അംഗീകരിക്കാനായിരുന്നില്ല. ഡയറി ഫാമിലെ പശുക്കളെ ചികിത്സിക്കുന്നത് മാത്രമായിരുന്നു ആദ്യനാളുകളിലെ ജോലി. വളർത്തുമൃഗങ്ങളുമായി വെറ്റിനറി ക്ലിനിക്കിൽ എത്തുന്നവർ വനിതാ ഡോക്ടറുടെ അടുത്തുവരാൻ മടിച്ചു. എന്നാൽ പതുക്കെ പതുക്കെ അതെല്ലാം മാറി. ഇപ്പോൾ തങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് എന്തുസംഭവിച്ചാലും അവർ ആദ്യമെത്തുന്നത് നിലൂഫറിന്റെ അടുത്തേക്കാണ്.
പട്ടികളും പശുക്കളും
പഠിക്കുന്ന സമയത്ത് പട്ടികളോടായിരുന്നു ഏറെ ഇഷ്ടം. എന്നാൽ ലക്ഷദ്വീപിൽ എത്തിയത്തോടെ ആ ഇഷ്ടം പശുക്കളോടായി. പഠനകാലത്ത് വളരെക്കുറച്ച് പശുക്കളെ ചികിത്സിച്ച പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാൽ അല്പം ടെൻഷനോടെയാണ് കവരത്തിയിലെ ഡയറി ഫാമിൽ ചുമതലയേറ്റത്. എന്നാൽ ചുരുങ്ങിയകാലം കൊണ്ടുതന്നെ പശുക്കളുമായി കൂടുതൽ അടുത്തു.
ഫാമിലെ വിശേഷങ്ങൾ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കീഴിലാണ് കവരത്തിയിലെ ഡയറി ഫാം പ്രവർത്തിക്കുന്നത്. പാലുൽപാദനം തന്നെ പ്രധാനം. ഇവിടെനിന്ന് ലഭിക്കുന്ന പാൽ ആശുപത്രികളിലെ രോഗികൾക്കും ഗർഭിണികൾക്കുംവിതരണം ചെയ്യുന്നു. ആദ്യകാലത്ത് 40 ലിറ്റർ പാൽ മാത്രമേ ലഭിച്ചിരുന്നുള്ളു. പശുക്കൾക്ക് ശരിയായ പരിപാലനം നൽകാത്തതായിരുന്നു പാലുൽപ്പാദനം കുറയാൻ കാരണം. കാലിത്തീറ്റയും പുല്ലും ആഹാരമായി നൽകേണ്ടതിന് പകരം ഓലയായിരുന്നു തീറ്റയായി നൽകിയിരുന്നത്. ഈ ആഹാരക്രമം മാറ്റിയെടുക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. ഇതിനുവേണ്ടി മൃഗസംരക്ഷണ വകുപ്പിന് കീഴിലെ സ്ഥലങ്ങളിൽ പുൽക്കൃഷി ആരംഭിച്ചു.ഇവിടെനിന്ന് ലഭിക്കുന്ന പുല്ലാണ് ഇപ്പോൾ പശുക്കൾക്ക് തീറ്റയായി നൽകുന്നത്. ശരിയായ തീറ്റ നൽകിയതോടെ പാലുൽപ്പാദനത്തിലും വർധനവുണ്ടായി. ഇപ്പോൾ ദിവസേന 100 ലിറ്ററിനു മുകളിൽ പാൽ ലഭിക്കുന്നു.
പശുക്കൾക്ക് വേണ്ടി
രാവിലെ ഏഴ് മണി മുതൽ ഫാമിലെ ജോലിത്തിരക്കിലേക്ക് കടക്കും. മിക്ക ദിവസങ്ങളിലും രാത്രി വൈകിയാകും വീട്ടിൽ തിരിച്ചെത്തുക. ഫാമിലെ പശുക്കൾക്ക് പുറമേ നാട്ടിലെ വളർത്തുമൃഗങ്ങൾക്കും ചികിത്സ ഉറപ്പുവരുത്തുന്നു. ഫാമിലേക്ക് വേണ്ടി കൃഷിചെയ്യുന്ന പുല്ല് ഇപ്പോൾ നാട്ടിലെ വളർത്തുമൃഗങ്ങൾക്കും നൽകുന്നുണ്ട്. ഫാമിലെ പാലുൽപ്പാദനം വർധിച്ചതോടെ ശരിയായ തീറ്റ നൽകുന്നത് സംബന്ധിച്ച് നാട്ടുകാർക്കിടയിലും അവബോധമുണ്ടാക്കാനായി. കാലിത്തീറ്റയ്ക്ക് പുറമേ പുല്ല് നൽകാനുള്ള സംവിധാനവും ഒരുക്കാനായി. പാലുൽപ്പാദനം വർധിച്ചതോടെ ആശുപത്രികളിൽ നൽകുന്നതിന് പുറമേ കുറഞ്ഞവിലയ്ക്ക് പാൽ വിൽപ്പനയുമുണ്ട്. 200 മില്ലിലിറ്റർ പാലിന് ഏഴ് രൂപ നിരക്കിലാണ് വിൽപ്പന. ഇതിലൂടെ അത്യാവശ്യം വരുമാനവും ലഭിക്കുന്നു. ഒരു വെറ്റിനറി സർജനടക്കം ആകെ 16 പേരാണ് കവരത്തിയിലെ ഡയറി ഫാമിൽ ജോലി ചെയ്യുന്നത്.
അഭിമാനം
കവരത്തി ഡയറി ഫാമിലെത്തി  ഒരു വർഷം കൊണ്ടുതന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനായതിന്റെ അഭിമാനത്തിലാണ് നിലൂഫർ. ഫാമിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി അറിയിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർഫാറൂഖ് ഖാൻ സാറിന്റെ അഭിന്ദനം ലഭിച്ചപ്പോൾ ഏറെ സന്തോഷം തോന്നി. ഫാമിലെ പാലുൽപ്പാദനം ഇരട്ടിയാക്കാൻ കഴിഞ്ഞതും അതിനെക്കാളേറെ സന്തോഷം നൽകുന്നു.
വെല്ലുവിളികളേറെ
താളംതെറ്റി കിടന്നിരുന്ന ഡയറി ഫാമിനെ ഒരു വർഷം കൊണ്ട് നേട്ടത്തിന്റെ പാതയിലെത്തിക്കാനായിന്റെ അഭിമാനത്തിനിടെയിലും വെല്ലുവിളികൾ ഏറെയാണ്. കാലിത്തീറ്റയുടെ ലഭ്യതക്കുറവ്, മരുന്നുകൾ കിട്ടാത്ത സാഹചര്യം, നല്ലയിനം വിത്തുകാളകളുടെ ബീജം ഉപയോഗിച്ച് നല്ലയിനം പശുക്കളെ ഉത്പാദിപ്പിക്കുന്നതിനുള്ള തടസം തുടങ്ങിയവയെല്ലാം വെല്ലുവിളികളാണ്. ബീജം സൂക്ഷിക്കാനുള്ള ലിക്വിഡ് നൈട്രജൻ ആവശ്യത്തിന് കിട്ടാത്തതും ബുദ്ധിമുട്ടാണ്. പുൽകൃഷി നടത്തുന്നുണ്ടെങ്കിലും, കൃഷിക്ക് ആവശ്യമായ വെള്ളമില്ലാത്തതും വെല്ലുവിളിയാണ്. ലക്ഷദ്വീപിൽ ഉപ്പുകലർന്ന വെളളമായതിനാൽ നിലവിൽ കുടിക്കാനുള്ള വെള്ളമാണ് പുൽകൃഷിക്ക് ഉപയോഗിക്കുന്നത്.
നാശം വിതച്ച ഓഖി
ഓഖി ചുഴലിക്കാറ്റിനിടെയുണ്ടായ നാശനഷ്ടങ്ങളാണ് ഏറെ സങ്കടപ്പെടുത്തിയത്. ഫാമിനോട് ചേർന്ന് വളർത്തിയിരുന്ന പുല്ലുകളെല്ലാം ഓഖിയിൽ നശിച്ചുപോയി. ആ സമയത്തെ കാലാവസ്ഥ വ്യതിയാനം കാരണം ഫാമിലെ രണ്ടുപശുക്കൾ ചത്തുപോയതും വിഷമമുണ്ടാക്കി.
രോഗങ്ങൾ കുറവ്, പേവിഷ ബാധയുമില്ല
കാത്സ്യത്തിന്റെ കുറവ്, മാഗ്നീഷ്യത്തിന്റെ കുറവ് എന്നിവയാണ് പ്രധാനമായും ലക്ഷദ്വീപിലെ പശുക്കൾക്കിടയിൽ കണ്ടുവരുന്ന രോഗാവസ്ഥകൾ. കുളമ്പുരോഗത്തിന്റെ ഭീഷണിയില്ല. ആട്, പശു, പൂച്ച, കോഴി എന്നിവയാണ്ദ്വീപിലെ പ്രധാന വളർത്തുമൃഗങ്ങൾ. ഇതുവരെ ഒരു മൃഗങ്ങൾക്കും പേവിഷബാധ റിപ്പോർട്ട് ചെയ്യാത്തതും ലക്ഷദ്വീപിലെ മൃഗസംരക്ഷണ വകുപ്പിന്റെ നേട്ടമാണ്.
ബോധവത്ക്കരണം
വളർത്തുമൃഗങ്ങളുടെ പരിപാലനത്തിനും ശരിയായ തീറ്റ നൽകാനും പ്രദേശവാസികളെ ബോധവത്ക്കരിക്കുക എന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. പശുക്കൾക്ക് ഓല കൊടുക്കുന്നത് ഒഴിവാക്കി പുല്ലുംകാലിത്തീറ്റയും നൽകുന്നതിന്റെ ആവശ്യകത അവരെ ബോ്ധ്യപ്പെടുത്തേണ്ടതുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ ഒരു വെറ്റിനറി ഓപ്പറേഷൻ തീയേറ്റർ വേണമെന്നതും ആവശ്യമാണ്. ഇതിലൂടെ മൃഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാനാവും. കവരത്തി ഫാമിന്റെ പ്രവർത്തനങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും പൂർണപിന്തുണയുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറും വെറ്റിനറി സർജനുമായ ഡോ. ആറ്റക്കോയയും എല്ലാവിധ പിന്തുണയും നൽകുന്നു.
ഉന്നതപഠനവും നാടിനുവേണ്ടി
അവധിദിവസങ്ങളിലും ഫാമിലെത്തി പശുക്കളെ പരിപാലിക്കുന്ന ഡോ. നിലൂഫർ ഉന്നതപഠനമെന്ന ആഗ്രഹം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. തന്റെ നാടിന് ഉപകാരപ്പെടുന്ന സമുദ്ര-മത്സ്യ ഗവേഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്നെ ഉപരിപഠനം നടത്താനാണ് നിലൂഫറിന്റെ തീരുമാനം. ഉപരിപഠനം കഴിഞ്ഞാലും ലക്ഷദ്വീപല്ലാതെ മറ്റൊരിടത്ത് ജോലി ചെയ്യില്ലെന്നും ദ്വീപുകാരുടെ അഭിമാനമായ ഈ വനിതാ വെറ്റിനറി ഡോക്ടർ ഉറപ്പിച്ചുപറയുന്നു.

Post Bottom Ad