AL Jasari AL Jasari Author
Title: ചമയം ഹാജാ ഹുസൈന്‍ നിര്യാതനായി
Author: AL Jasari
Rating 5 of 5 Des:
കൊച്ചി: ലക്ഷദ്വീപിലെ പ്രമുഖ എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ചമയം ഹാജാഹുസൈന്‍ (57) നിര്യാതനായി. കവരത്തിയില്‍വെച്ചുണ്ടായ വാഹനാപകടത്തി...
കൊച്ചി: ലക്ഷദ്വീപിലെ പ്രമുഖ എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ചമയം ഹാജാഹുസൈന്‍ (57) നിര്യാതനായി. കവരത്തിയില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയതിനെ തുടര്‍ന്ന് ഹെലിക്കോപ്റ്ററില്‍ കൊച്ചിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവില്‍ ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം സെക്രട്ടറിയായിരുന്നു. ലക്ഷദ്വീപിലെ കഥാഗാനങ്ങള്‍, ഉപദ്വീപില്‍ കുറെ ദ്വീപുകള്‍, ലക്ഷദ്വീപിലെ നാടന്‍ കളികളും ആചാരങ്ങളും എന്നിവയാണ് പ്രധാന കൃതികള്‍. ലക്ഷദ്വീപ് സാഹിത്യ പുരസ്ക്കാരം, ലക്ഷദ്വീപ് കലാ അക്കദമി അവാര്‍ഡ് എന്നിവ നേടീട്ടുണ്ട്. കില്‍ത്താന്‍ ദ്വീപിലെ മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറും ഹോംമിനിസ്ട്രി അഡ് വൈസറി കമ്മിറ്റി മെമ്പറുമായിരുന്നു. എഴുത്തുകാരൻ ചമയം ഇസ്മത് ഹുസ്സൈൻ സഹോദരനാണ്. ഭാര്യ ; ആറ്റബി, മക്കള്‍; ജിയാദ് ഹുസൈന്‍, നജിയാ ഹുസൈന്‍. ഏഴ് സഹോദരങ്ങളും അഞ്ച് സഹോദരിമാരുമുണ്ട്. എറണാകുളം തോട്ടത്തുംപടി പള്ളിയിൽ ഇന്ന് രാവിലെ ഖബറടക്കം നടത്തി.
    ഉപദ്വീപിൽ കുറെ ദ്വീപുകൾ... അതിലെ മൂർച്ചയുള്ള തൂലികാ വാളിൽ ഭരണം നടത്തിയ സുൽത്താനായിരുന്നു ചമയം. 1960 ജനുവരി 1നു ചമയം ആറ്റബിയുടെയും വലിയപാത്തോട് മുഹമ്മദ് കോയയുടെയും മൂത്തമകനായി കിൽത്താൻ ദ്വീപിൽ ജനിച്ചു. ദ്വീപിലെ ഏക മുഴുവൻ സമയ എഴുത്തുകാരനായിരുന്നു അദ്ദേഹം. കിൽത്താൻ ഹൈസ്‌കൂൾ, ജവഹർലാൽ നെഹ്‌റു കോളേജ് കവരത്തി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. പഠന കാലത്ത് തന്നെ വേറിട്ട ചിന്തകൾ അദ്ദേഹത്തെ വ്യത്യസ്തനാക്കി. വിപ്ലവ ചിന്തകൾ കാരണം ഏഴിൽ പഠിക്കുമ്പോഴും പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴും സസ്‌പെന്റ് ചെയ്യപ്പെട്ടു. 1993ൽ "യുവമുന്നണി" രൂപീകരിച്ചു ലക്ഷദ്വീപിലെ അധികാരി വർഗ്ഗത്തെ വിറപ്പിച്ചു. പൊതുവേദിയിൽ പ്രസംഗിച്ചു നിൽക്കെ പോലീസ് അറസ്റ്റു ചെയ്തത് കോളിളക്കം സ്യഷ്ടിച്ചിരുന്നു. ലക്ഷദ്വീപിലെ കപ്പൽ സമരം കാരണം ലക്ഷദ്വീപിൽ ക്ഷാമം പിടിപ്പെട്ടപ്പോൾ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹരജി സമർപ്പിച്ച് പൊതുജനങ്ങളുടെ കൈയ്യടി നേടി. അടിയന്തിരമായി ഇടപെട്ട ഹൈക്കോടതി ദ്വീപിലേക്ക് അവശ്യ സാധനങ്ങളുമായി നാവിക സേനയെ അയക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് വന്ന അതെ ദിവസം കപ്പൽ സമരം ഒത്തു തീർന്നെങ്കിലും അദ്ദേഹം ജനമനസ്സിൽ നായകനായി. വോൾട്ടേജ് ക്ഷാമം, bsnl ൻറെ അനാസ്ഥ, പൊതുവിതരണം വഴി നടത്തിയ ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വിതരണം എന്നിവക്കെതിരെയും നിയമത്തിൻറെ വഴിയിൽ സമരം നയിച്ചു. ആഭ്യന്തരമന്ത്രിയുടെ ഐലൻഡ് അഡ്വൈസറി കൗൺസിൽ, ജില്ലാപഞ്ചായത് അംഗം, ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം പ്രസിഡന്റ്, ദ്വീപ് കലാസമിതി പ്രസിഡന്റ്, കിൽത്താനത്ത് ഫൗണ്ടേഷൻ തുടങ്ങി ഒട്ടനവധി സമുന്നത തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Advertisement

 
Top