ബൊളീവിയൻ ഫോൺ തട്ടിപ്പ് ലക്ഷദ്വീപിലും വ്യാപകമാകുന്നു - AL Jasari
ബൊളീവിയൻ ഫോൺ തട്ടിപ്പ് ലക്ഷദ്വീപിലും വ്യാപകമാകുന്നു

ബൊളീവിയൻ ഫോൺ തട്ടിപ്പ് ലക്ഷദ്വീപിലും വ്യാപകമാകുന്നു


കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ വ്യാപകമായി വരുന്ന വാൻഗിറി എന്നറിയപ്പെടുന്ന ഫോൺ തട്ടിപ്പ് ലക്ഷദ്വീപിലേക്കും വ്യാപിക്കുന്നതായി സൂചന. കഴിഞ്ഞ ഒരാഴ്ചയായി ലക്ഷദ്വീപ് സ്വദേശികളായ പലർക്കും ഇത്തരം ഫോൺ കോളുകൾ വരുന്നതായി റിപ്പോർട്ട് ചെയ്തു. +591 എന്ന നമ്പറിൽ തുടങ്ങുന്ന ബൊളീവിയൻ മൊബൈൽ വിളികളായിരുന്നു ഇവ. +591 60940305, +591 60940365, +591 60940101, +591 60940410 തുടങ്ങിയ നമ്പറുകളിൽനിന്നു വിളിയെത്തിയെന്നാണു ലഭിച്ച പരാതികളിലേറെയും. ഇതിലേക്കു തിരികെ വിളിച്ചാൽ മിനിറ്റിന് 200 രൂപ വരെ നഷ്ടമാകും. ജാപ്പനീസ് ഭാഷയിൽ' ‘വാൻ’ എന്നാൽ ഒന്ന് (ഒറ്റ ബെൽ) എന്നും ‘ഗിറി’ എന്നാൽ കോൾ കട്ട് ചെയ്യുക എന്നുമാണ് അർഥം. ഒറ്റ ബെല്ലിൽ അവസാനിക്കുന്ന മിസ്ഡ് കോളുകളെന്നാണു വാൻഗിറിയുടെ അർഥം. ഏതാനും മാസങ്ങൾക്കിടയിൽ യുഎഇയിലും കെനിയയിലും വാൻഗിറി തട്ടിപ്പുകൾ വ്യാപകമായിരുന്നു. +41 (സ്വിറ്റ്സർലാൻഡ്), +963 (സിറിയ), +252 (സൊമാലിയ), +37 (ലാത്വിയ) എന്നിവയിൽ തുടങ്ങുന്ന നമ്പറുകളിൽനിന്നും പലപ്പോഴായി കേരളത്തിൽ തട്ടിപ്പു കോളുകൾ എത്തിയിട്ടുണ്ട്. വിളിയെത്തുന്നത് അതതു രാജ്യത്തുനിന്നുതന്നെയാവണമെന്നില്ല.

തട്ടിപ്പ് ഇങ്ങനെ
1) തട്ടിപ്പുകാരൻ ചില രാജ്യങ്ങളിലെ പ്രീമിയം നിരക്കുകൾ ഈടാക്കാവുന്ന നമ്പറുകൾ (ഉയർന്ന നിരക്ക് ഈടാക്കുന്ന മാർക്കറ്റിങ് കോളുകൾക്കു സമാനം) സ്വന്തമാക്കുന്നു. ഇവ കണ്ടെത്തുക അസാധ്യം. കംപ്യൂട്ടറിലെ പ്രത്യേക സോഫ്റ്റ്‍വെയറിലൂടെ അസംഖ്യം ഫോൺ നമ്പറുകളിലേക്ക് ഈ നമ്പറിൽനിന്നു വിളിയെത്തുന്നു. ഒറ്റ ബെല്ലിൽ കോൾ അവസാനിക്കും. 
2) മിസ്ഡ് കോൾ ലഭിക്കുന്നവരിൽ ചിലരെങ്കിലും തിരികെ വിളിക്കുന്നു. കോളെത്തുന്നത് പ്രീമിയം നമ്പറിലേക്ക്. സാധാരണ ഐഎസ്ഡി നിരക്കുകളേക്കാൾ വളരെ കൂടുതൽ. 
3) കോൾ സ്വീകരിക്കുന്നതു തട്ടിപ്പുകാരന്റെ കംപ്യൂട്ടർ. റിക്കോർഡ് ചെയ്തു വച്ച പാട്ടുകൾ, വോയിസ് മെസേജുകൾ എന്നിവയാകും കേൾക്കുക. പരമാവധി സമയം കോൾ നീട്ടിയാൽ തട്ടിപ്പുകാരനു കൂടുതൽ ലാഭം. 
3) പ്രീമിയം റേറ്റ് നമ്പർ ആയതിനാൽ ടെലികോം സേവനദാതാവ് ഒരു വിഹിതം ലാഭമായി നമ്പറിന്റെ ഉടമയ്ക്കു നൽകുന്നു. കൂടുതൽ ലാഭത്തിനായി നമ്പർ ഡയൽ ചെയ്യുമ്പോൾ മുതൽ കോളായി പരിഗണിക്കുന്ന സംഭവങ്ങളുമുണ്ട്. ഡയൽ ചെയ്യുമ്പോൾ കേൾക്കുന്ന റിങ് ശബ്ദം പോലും നേരത്തേ റിക്കോർഡ് ചെയ്തു വച്ചതാകാം.


Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504