ലക്ഷദ്വീപിൽ നിന്ന് അംബാനിക്കൊരു തുറന്ന കത്ത്; കുറിപ്പ് വൈറലാകുന്നു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപിൽ നിന്ന് അംബാനിക്കൊരു തുറന്ന കത്ത്; കുറിപ്പ് വൈറലാകുന്നു

റിലയൻസ് ഇൻഡസ്റ്റ്രീസിന്റെ ചെയർമാനും  മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് ലക്ഷദ്വീപുകാരൻ എഴുതിയ തുറന്ന കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും വന്‍ തോതില്‍ പ്രചരിക്കുന്ന  കത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ദ്വീപിലെ മൊബൈൽ നെറ്റ്‌വർക്കിന്റെ പരിതാപകരമായ അവസ്ഥ മുൻനിർത്തികൊണ്ട് എഴുതിയ കത്തിൽ "ക്ഷമയുടെ പര്യായമായ
നിങ്ങളുടെ സുഹൃത്ത് ദ്വീപുകാരൻ" എന്നാണ് പേര് വെച്ചിരിക്കുന്നത്. കത്തിന്റെ പൂര്‍ണ രൂപം വഴിക്കാം-

പ്രിയപ്പെട്ട അംബാനി സാർ അറിയാൻ ലക്ഷദ്വീപ് നിവാസികൾ എഴുതുന്നത്. സാർ എന്തെന്നാൽ താങ്കൾ എല്ലാ സംസ്ഥാനങ്ങളിലും JIO 4G കൊണ്ട് വന്നു 5G കൊണ്ട് വരാൻ പോകുന്നു, കരുണയുണ്ടോ സുഹൃത്തെ കരുണ നിങ്ങൾക്ക്? ഞങ്ങൾ ദ്വീപുകാർ ഇവിടെ 2G യുടെയും 3G യുടെയും സിഗ്നൽ കിട്ടാൻ മാസം തോറും അഞ്ഞൂറോ ആയിരമോ അതിലധികമോ പൊട്ടിച്ച് കൊണ്ട് തേരാപ്പാരാ അലയുകയാണ് സുഹൃത്തെ അലയുകയാണ്. ദിവസേന ലിറ്ററിന് 110 രൂപക്ക് പെട്രോളും അടിച്ച് നാടിന്റെ മുക്കിലും മൂലയിലും 3G യുണ്ടോ 3G യുണ്ടോ എന്നന്വേഷിച്ച് തളർന്ന് വല്ലപ്പോഴും വീശുന്ന മന്തമാരുതൻ (തണുത്ത കാറ്റ്) എവിടുന്നോ കൊണ്ട് വരുന്ന 2G യുടെയോ 3G യുടെയോ ഒരിറ്റ് സിഗ്നൽ മൽസരിച്ച് പിടിച്ചാണ് വാട്സാപ്പിലും ഫേസ്ബുക്കിലും നിങ്ങൾക്കൊപ്പമെത്താൻ ഞങ്ങൾ പൊരുതുന്നത്. കൂടാതെ അടുത്തിടെ ഒരു പ്രിയ സുഹൃത്ത് 3G സിഗ്നൽ പിടിക്കാൻ തെങ്ങിൽ കേറി വീണ് നടുവൊടിഞ്ഞ കാര്യം താങ്കളും കുടുംബവും അറിഞ്ഞ്കാണുമല്ലോ അല്ലേ? ഞങ്ങൾ വളരെ കഷ്ടത്തിലാണ് സുഹൃത്തെ കഷ്ടത്തിലാണ് സഹായിക്കണം, കരുണ തോന്നണം... പ്ലീസ്. സ്റ്റാറ്റസ് മാറ്റാൻ കഴിയാതെ ഞങ്ങളുടെ പെങ്ങൻമാരും ഭാര്യമാരും അടുക്കളകളിൽ വീർപ്പുമുട്ടി കഴിയുകയാണ് സുഹൃത്തെ കഴിയുകയാണ്. ഫ്രസ്ട്രേഷൻ താങ്ങാനാവാതെ ഇവർ എത്രയെത്ര പാത്രങ്ങളെയും ഗ്ലാസുകളെയുമാണ് കാലപുരിക്ക് അയച്ചത് എന്ന് നിങ്ങൾക്ക് അറിയാമോ? കൂടാതെ ഇവിടെ 4G കിട്ടാക്കനിയായത് കാരണം ഞങ്ങളുടെ MP യും രാഷ്ട്രീയ നേതാക്കൻമാരും ഉദ്ധ്യോഗസ്ഥ മേധാവികളുമൊന്നും ദ്വീപിലേക്ക് വരാറ് പോലുമില്ല. രാഷട്രീയക്കാർക്ക് കൂലിക്ക് എഴുതാൻ ഇവിടെ ബംഗാളികൾ ഉള്ളത് കൊണ്ട് അവർ ഞങ്ങളെ തിരിഞ്ഞ് നോക്കാറു പോലുമില്ല. പിന്നെ ഇവിടെ അരിയോ പഞ്ചസാരയോ മറ്റ് അവശ്യ സാധനങ്ങളോ ആവശ്യത്തിന് കിട്ടാറില്ല എങ്കിലും 4G ഇല്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് ഞങ്ങൾക്ക്. ആയത് കൊണ്ട് പ്ലീസ് തരില്ലാന്ന് മാത്രം പറയരുത്. നിങ്ങൾക്ക് പണമാണ് വലുതെന്ന് ഞങ്ങൾക്ക് അറിയാം, പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ. ഇമ്മിണി സങ്കടത്തോടെയാണ് പറയുന്നത്, പണമാണ് താങ്കൾക്ക് വലുതെങ്കിൽ പണയത്തിന് ഞങ്ങളുടെ കൂരകളുടെ ആധാരം നിങ്ങൾ എടുത്തോളൂ പകരം ഞങ്ങൾക്ക് 4G യും 5G യും തരൂ പ്ലീസ്. നിങ്ങൾക്കറിയോ? ഇവിടെ എന്തിനും ഏതിനും ക്യൂവാണ് ക്യൂ .... ഞങ്ങൾ ഇപ്പഴും ക്യൂവിലാണ്, നിന്ന് നിന്ന് ഞങ്ങളിൽ പലർക്കും ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ് അറിയാമോ? നിങ്ങൾ 4G യും 5G യും തരുകയാണെങ്കിൽ ഞങ്ങൾക്ക് സമാധാനത്തോടെ ഇവിടെ ഇരിക്കാം കാരണം ബാങ്കിൽ ക്യൂ നിൽക്കണ്ട, ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കെണ്ട, ബില്ലടക്കാൻ ക്യൂ നിൽക്കണ്ട, അദ്വാനിച്ച് ബാങ്കിലിട്ട പണം എടുക്കാൻ ATM ൽ ക്യൂ നിക്കണ്ട... പിണറായി സാറ് പറഞ്ഞത് പോലെ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും ശരിയാവും. നിങ്ങളാണ് രാജാവ് നിങ്ങള് വിജാരിച്ചാൽ നടക്കും പ്രതീക്ഷയോടെ നിർത്തുന്നു.
എന്ന് സ്വന്തം
ക്ഷമയുടെ പര്യായമായ
നിങ്ങളുടെ സുഹൃത്ത് ദ്വീപുകാരൻ

Post Bottom Ad