സിഞ്ചാർ ട്രെയിലർ റിലീസ് ചെയ്തു


കൊച്ചി: ലക്ഷദ്വീപിലെ പ്രാദേശിക ഭാഷയായ ജസരിയിൽ പൂർണമായി ചിത്രീകരിച്ച സിഞ്ചാറിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിന്റെ നിര്‍മാതാവ് ഷിബു ജി സുശീലന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തു വിട്ടിരിക്കുന്നത്. പ്രാദേശികഭാഷാ പുരസ്‌കാരം ഉള്‍പ്പടെ ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'സിന്‍ജാര്‍' മെയ്‌ അവസാനത്തോടെ തിയറ്ററിലെത്തുമെന്ന് സംവിധായകന്‍ സന്തീപ് പാമ്പിള്ളി പറഞ്ഞു.
ആദ്യമായാണ് ഒരു സിനിമ പൂർണമായി ദ്വീപ് ഭാഷയിൽ നിർമ്മിക്കുന്നത്. നേരത്തെ മലയാളത്തിൽ ചിത്രീകരിച്ച അനാർക്കലി എന്ന ചിത്രത്തിൽ ജസരി ഭാഷ ഉപയോഗിച്ചിരുന്നു. സന്തീപ് പാമ്പള്ളി 2015-ലാണ് ആദ്യമായി ലക്ഷദ്വീപ് സന്ദർശിക്കുന്നത്. അന്ന് കവരത്തിയിൽ വെച്ച് ഒരു ഷോർട്ട് ഫിലിം ചിത്രീകരിച്ചിരുന്നു. ഇവിടുത്തുകാരുടെ ലാളിത്യവും ജസരി ഭാഷയും തന്നെ ഏറെ ആകർഷിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തിലേറെ ലക്ഷദ്വീപിൽ താമസിച്ചാണ് അദ്ദേഹം ജസരി ഭാഷ പഠിച്ചത്. മൂന്ന് വർഷം കൊണ്ട് പൂർത്തീകരിച്ച തിരക്കഥയിലെ സംഭാഷണങ്ങൾ ദ്വീപുകാരായ കലാകാരൻമാരുടെ സഹായത്തോടെ ജസരി ഭാഷിലേക്ക് വിവർത്തനം ചെയ്തു. മുഴുവൻ ചിത്രീകരണവും പതിനാറ് ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്.
ഐ.എസ് ഭീകരർ ഇറാഖിൽ ആയിരക്കണക്കിന് യസീദികളെ കൊന്നൊടുക്കിയ 2014-ലെ സിഞ്ചാർ കൂട്ടക്കൊലയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിഞ്ചാർ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട് സ്വന്തം നാടായ ലക്ഷദ്വീപിൽ തിരിച്ചെത്തുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് സിനിമയുടെ പശ്ചാത്തലം. മലയാളത്തിലെ പ്രമുഖ താരങ്ങളായ ഷ്രിൻട അർഹാൻ, മൈഥിലി, മുസ്തഫ, സേതുലക്ഷ്മി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സന്തീപ് പാമ്പള്ളി സംവിധാനം ചെയ്ത ആദ്യ കഥാചിത്രമാണ് സിഞ്ചാർ.
ലക്ഷദ്വീപ് നിവാസികള്‍ക്കായി പ്രദര്‍ശനം നടത്തുന്നതിനായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. പ്രാദേശികഭാഷാ പുരസ്‌കാരത്തിനുപുറമെ, നവാഗത സംവിധായകന് ഇന്ദിരാഗാന്ധി അവാര്‍ഡും ചിത്രം കരസ്ഥമാക്കിയിരുന്നു.

Labels: , ,
[facebook][disqus]

Author Name

Powered by Blogger.