ലക്ഷദ്വീപിലെ ആദ്യത്തെ
മലയാള നോവലാണ് കോലോടം. കില്‍ത്താന്‍ ദ്വീപ്കാരനായ ഇസ്മത്ത് ഹുസൈനാണ്
കോലോടത്തിന്റെ കര്‍ത്താവ്. 2012ല്‍ ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിദ്ധീകരിച്ച ഈ
കൃതിക്ക് അവതാരിക രചിച്ചത് പ്രശസ്ത മലയാള സാഹിത്യകാരനായ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവാണ്.
21 ഹ്രസ്വ അധ്യായങ്ങളിലൂടെ ലക്ഷദ്വീപ് ജനതയുടെ പൂര്‍വകാല ജീവിതം ഇതിവൃത്തമാക്കി രചിച്ച കോലോടം ചരിത്ര നോവലിന്റെ ഗണത്തില്‍ പെടുത്താം.
ലക്ഷദ്വീപ് നിവാസികളുടെ ജീവിതത്തെ ആസ്പദമാക്കി എഴുതപെട്ട നോവലുകൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ലക്ഷദ്വീപില്തന്നെയുള്ള
ഒരു സാഹിത്യകാരന് രചിക്കുന്ന ആദ്യത്തെ മലയാള നോവലാണ് കോലോടം. നൂറില്‍പരം
കഥാപാത്രങ്ങളിലൂടെയും അനേകം സന്ദര്‍ഭങ്ങളിലൂടെയും ഈ നോവല്‍ കടന്നുപോകുന്നു. കാലം
സുവ്യക്തമാക്കുന്നിലെങ്കിലും ഒരു ചരിത്രാഖ്യാനികയുടെ സ്വഭാവത്തില്‍ ദ്വീപിന്റെ
പലവിധ പ്രതിസന്ധി ചരിത്രവും നോവലില്‍ വരുന്നു. കോളറാ കാലത്തെ ദ്വീപിന്റെ ചിത്രമാണ്
നോവലില്‍ ഏറ്റവും ഭയാനകവും ഹ്രദയഭേദകവും നിസ്സഹായകവുമാകുന്നത്. പ്രണയവും പകയും
ഹീറോയിസവും ആത്മീയതയും മാജിക്കല്‍ റിയലിസത്തിലേക്ക് തെന്നിപോകും എന്നുതോന്നിയ
ചരിത്ര സന്ദര്‍ഭങ്ങളും ഈ നോവലില്‍ നിരവധിയാണ്.
ലക്ഷദ്വീപ് കലാഅക്കാദമി അവാര്‍ഡ്,
ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം അവാര്‍ഡ്, ലക്ഷദ്വീപ് സ്റ്റുടെന്സ്
അസോസിയേഷന് അവാര്‍ഡ് എന്നീ
പുരസ്ക്കാരങ്ങള്‍ ഈ നോവലിന് ലഭിച്ചിട്ടുണ്ട്.