ഓടത്തിലേ അവസാന യാത്ര

     ഞാൻ ഷമീബ് അലി. അഗത്തി ദ്വീപ്കാരനാണ്. ചെറുപ്പം തൊട്ടേ ലക്ഷദ്വീപിന്റെ ചരിത്രം അറിയുവാനും കേൾക്കുവാനും വളരെ ഇഷ്ട്ടമാണ്. അതിൽ പ്രധാനമായും സാഹസികത നിറഞ്ഞ കഥകൾ. ചരിത്രം വായിക്കാൻ ഇഷ്ട്ടപെടുന്ന ഞാൻ അടുത്ത് ഒരാളുടെ അനുഭവ കഥ കേട്ടു. ആ കഥ എന്നിൽ വളരെ കൗതുകം ജനിപ്പിച്ചു.നിങ്ങൾക്ക്‌ വേണ്ടി ഞാൻ ആ കഥ പങ്കുവെക്കുന്നു.
                                              അക്കാലത്ത് ലക്ഷദീപിനെ വൻകരയുമായി ബന്ധിപ്പിക്കാൻ രണ്ട് കപ്പലേ ഉണ്ടായിരുന്നുളളു. മണിപാലിൽ പഠിക്കുന്ന മകളുടെ കോളേജ് അടക്കുന്ന ദിവസം അവിടെ എത്തണം. കപ്പലിന്റെ പ്രോഗ്രാം  അടുത്തൊന്നുമില്ല. അങ്ങിനെ ദുഃഖിതനായിരിക്കുംമ്പോൾ അന്നത്തെ പോർട്ട് അസിസ്റ്റന്റും എൻെറ സ്നേഹിതനുമായ പി.ഹംസക്കോയ പറഞ്ഞു മംഗലാപുരത്തേക്ക് ഒരു ഓടം നാളെ പോകുന്നുണ്ട് വേണമെങ്കിൽ അതിൽ പോകാം. സന്തോഷമായി. കോളേജ് അടക്കുംബോഴേക്കും എത്താമല്ലോ. വീട്ടിൽ പറഞ്ഞു.പിറ്റെ ദിവസം രാവിലെ വെറ്റിനറി സർജനും എന്റെ സ്നേഹിതനുമായ ഡോക്ടർ ചെറിയ കോയയുടെ സ്കൂട്ടറിൽ ജെട്ടിയിലെത്തി. പാലത്തിന്റെ കെെവരിയിൽ കെട്ടിയ കയറിലൂടെ ഓടത്തിലേക്ക്‌ ഞാനിറങ്ങി. കെെവരിയിൽ ചാരിനിന്ന ഡോക്ടർ കെെവീശി തമാശയായി പറഞ്ഞു .ഈമുഖം അവസാനമായി കാണുന്നതായിരിക്കുമല്ലോ . ഞാനും ചിരിച്ച്, കേട്ട് നിന്നവരും ചിരിച്ചു. ഓടം ലഗൂണിലൂടെ നീങ്ങിത്തുടങ്ങി. നല്ല കാറ്റും കടലും ഉണ്ടായിരുന്നു. ലഗൂണിനകത്ത് തന്നെ റോളിങ്ങ് അനുഭവപ്പെട്ടു. ഓടത്തിന്റെ ഉടമസ്ഥൻ മൂസോക്കാക്കാട സബീറും മകൻ ജാഫറും ആർ.പി.സെയ്ത് മുഹമ്മദും എന്റെ കുടുംബക്കാരനായ ഹനീഫക്കോയ ഹാജിയും മുത്ത്കോയയും കുണ്ടരി ഉവ്വയും അക്കര മുത്ത് കോയയും ഉംബ്രം ഇക്കാക്കയും ആയിരുന്നു സഹയാത്രികർ. ഓടം പുറം കടലിൽ എത്തിയപ്പോഴേക്കും തിരമാലയിൽ ആടിക്കളിക്കാൻ തുടങ്ങി.
   
      നിമിഷനേരം കൊണ്ട് അന്തരീക്ഷം ഇരുണ്ട് തുടങ്ങി. കാറ്റിന്റെ ശക്തി കൂടി തിരമാലകളുടെ ഉയരം കൂടി .ഓടത്തെ തിരമാലകൾ ഉയർത്തും പിന്നീട് താഴോട്ട്ഇടും. അതോടൊപ്പം കപ്പികളുടെ കർണ്ണ കഠോരമായ ശബ്ദവും. ആകെക്കൂടി വല്ലാത്ത അസ്വസ്ഥത. ഞാനും ആർ.പിയും ചത്തിരിയിൽ ചുരുണ്ട്കൂടി കിടക്കുകയായിരുന്നു.ഞങ്ങൾ രണ്ട് പേരുമൊഴിച്ച് ബാക്കിയുളളവരെല്ലാം തഴക്കം വന്നവരായിരുന്നു. ഇതൊന്നും അവർക്ക് പ്രശ്നമല്ല. ആർ.പിയുടെ കല്യാണം കഴിഞ്ഞ് അധികം നാളായിരുന്നില്ല. ഓടത്തിന്റെ മറ്റൊരു ഉടമസ്ഥനായ കാക്കവളളി ബംബന്റെ മകനാണ് ആർ.പി. അദ്ദഹത്തിന് നല്ല ഒരു ആടിനെ ഭാര്യാപിതാവ് കയറ്റിയിരുന്നു. അക്കര മുത്തു കോയയുടെ നേതൃത്വത്തിൽ ആടിനെ അറുത്ത് രാത്രി ഭക്ഷണത്തിന് കറിയാക്കാനുളള തത്രപ്പാടിലായിരുന്നു ബാക്കി യുളളവർ . ഓടത്തെ തിരകൾ ഒന്നിൽ നിന്നും മറെറാന്നിലേക്ക് വലിച്ചെറിയുന്നതൊന്നും അവരെ ബാധിച്ചിരുന്നില്ല. അതി വിദഗ്ധരായ നാവികരാണല്ലോ അവർ. പെട്ടെന്ന് ഉംബ്രം ഇക്കിക്കയുടെ അലറൽ. പൊതുവെ ഉച്ചത്തിൽ സംസാരിക്കുന്ന പ്യകൃതക്കാരനാണ് അദ്ദേഹം . മാഷെ മംഗലാപുരത്തിലെത്തിയാൽ എനിക്ക് ഒരു കംബിഎഴുതിത്തരണം. അക്കാലത്ത് അത്യാവശ്യകാര്യങ്ങൾ അറിയിക്കാനുളള ഒരേ ഒരു മാർഗം ടെലഗ്രാം ആയിരുന്നല്ലോ. മാഷെ എന്നുളള ഉറക്കെയുളള വിളി എന്നെ ഞെട്ടിച്ചു .എന്തോ അപകടം സംഭവിച്ചെന്ന് ഭയപ്പെട്ട് ചാടി എഴുന്നേറ്റ എന്റെ തല ശക്തിയായി ചത്തിരി(ഓടത്തിലെ കേബിൻ)യുടെ മരപ്പലകയിൽ ശക്തിയായി ഇടിച്ചു. എൻെറ ഒരു അമ്മാമനും ഓടത്തിന്റെ മാൽമിയും(ക്യാപ്റ്റൻ) സി.എൻ.മുത്തുകോയ എന്റെ തല തടവിതന്നു. അതിനിടയിൽ ഇക്കാക്ക കാര്യം പറഞ്ഞു. കഴിഞ്ഞ ഓടത്തിൽവന്ന അടക്ക ചാക്കിൽ നിന്നും വലിയ മൺ ഭരണിയിലേക്ക് മാറ്റിയിട്ടെങ്കിലും വെളളം ഒഴിച്ചിട്ടില്ല. തിരിച്ച് പോകുംബോഴേക്കും ഉണങ്ങിപ്പോകും. അപ്പോൾ അത് ആരും വാങ്ങിക്കില്ല .അതിനാൽ മംഗലാപുരം എത്തിയ ഉടനെ മകനെ വിവരം ടെലഗ്രാം മുഖേന അറിയിക്കണം. ഞാൻ ആലോചിച്ച് തുടങ്ങി. ടെലഗ്രാം കണ്ടു പിടിച്ച ശേഷം ആദ്യമായിട്ടായിരിക്കും ഇത്തരം ഒരു സന്ദേശം ടെലഗ്രാം വഴി അയക്കുന്നത് . അവസാനം ഇങ്ങനെ എഴുതാമെന്ന് തീരുമാനിച്ചു. പോർ വാട്ടർ ഇൻ ടു അരക്നട്ട് ജാർ. അങ്ങനെ രണ്ട് രാത്രിക്കും രണ്ട് പകലിനും ഒടുവിൽ എന്റെ ഒടുവിലത്തെ ഓടത്തിലെയാത്ര മംഗലാപുരം വാർഫിൽ അവസാനിച്ചു. വേഗം സഞ്ചിയുമെടുത്ത് ബസ്സ് സ്റ്റാൻഡിലേക്ക് ഓടുന്ന എന്നെ ഇക്കാക്ക പിറകിൽ  നിന്നും കെെകൊട്ടി വിളിച്ചു മാഷെ എന്റെ ടെലഗ്രാം . ഞങ്ങൾ നേരെ ടെലഗ്രാം ഓഫീസിൽ ചെന്നു നേരത്തെ ആലോചിച്ച് ഉറപ്പിച്ച വാചകങ്ങൾ ഫോമിൽ പകർത്തി ഇക്കാക്കയെ ഏൽപിച്ച് ബസ്സ് സ്റ്റാൻഡിലേക്ക് ഓടി. അന്നാണ് എന്റെ മകളുടെ കോളേജ് അടക്കുന്ന ദിവസം.ബസ്സിറങ്ങി കോളേജ് ഹോസ്റ്റലിലേക്ക് ചെല്ലുംബോഴേക്കും മകളും ഹോസ്റ്റൽ മേട്രനും ലോക്കൽ ഗാർഡിയനായ കോളേജിലെ ശിപായി അബ്ദുല്ലാ സാഹിബും എന്നെയും കാത്തിരിക്കുകയായിരുന്നു.  എന്നെ കണ്ടതും മകൾ ഓടിവന്ന് കെട്ടിപിടിച്ചതും ഇന്നലെ നടന്നത് പോലെ. അതോടെ രണ്ട് ദിവസത്തെ ദുഷ്കരവും ദുർഘടം പിടിച്ചതുമായ യാത്രയും മറന്നു .ഇനി കുളിക്കണം, ബീരിയാണി കഴിക്കണം, സുഖമായി ഉറങ്ങണം.

            അന്നത്തെ  യാത്രയിൽ ഉളളവരിൽ ആർ.പിയും ഞാനും ജീവിച്ചിരിപ്പുണ്ട്. അടുത്ത ഓട്ടത്തിൽ ആ ഓടം മുങ്ങിപ്പോയി. ഓടത്തിലുളള വരെ അത് വഴി വന്ന മഞ്ചുവിലെ ആളുകൾ രക്ഷപ്പെടുത്തി.

ഇത് വെറും ഒരു കെട്ടുകഥ യല്ലാ, ഒരാളുടെ ജീവിതത്തിൽ സംഭവിച്ച  സംഭവം ആണ്. ഈ മനോഹരമായ അനുഭവം എന്റെ ഫേസ്ബുക്ക് സുഹൃത്തായ കൽപേനി  ദ്വീപിലെ സി.എം. മുഹമ്മദ് കോയാ സാറിന്റെതാണ്. അദ്ദേഹത്തിന് ഈ അനുഭവം പങ്കുവെച്ചതിൽ നന്ദി അറിയിക്കുന്നു.

- ഷമീബ് അലി

Post a Comment

[facebook][disqus]

Author Name

Powered by Blogger.