കണ്ടേത്ത് കുന്നിന്‍റെ താഴ്വരയില്‍ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

കണ്ടേത്ത് കുന്നിന്‍റെ താഴ്വരയില്‍

ആര്‍ത്തടിച്ചുയരുന്ന അറബിക്കടലിന്‍റെ തിരമാലകള്‍ക്ക് ഇടയില്‍ വിടര്‍ന്ന് നില്‍ക്കുന്ന ലക്ഷദ്വീപ് സമൂഹം.തിരുനബിയുടെ സന്തത സഹചാരിയും ഇസ്ലാമിന്‍റെ ഒന്നാം ഖലീഫയുമായ അബൂബക്കര്‍ സിദ്ദീക്ക് (റ.അ)വിന്‍റെ പൌത്രന്‍ ഹസറത്ത് മൌലാ ഉബൈദുള്ളാ (റ.അ)വിന്‍റെ ദീനി പ്രഭോധനത്തിലൂടെ ഇസ്ലാമീക പ്രത്യക്ഷ ശാസ്ത്രത്തിലെക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ദ്വീപുജനത.

എ.ഡി.662ല്‍ ഹസറത്ത് ഉബൈദുള്ളാ (റ.അ)വിന്‍റെ ആഗമനത്തോട് കൂടിയാണ് ദ്വീപിലെ ഇസ്ലാമിന്‍റെ ചരിത്രം ആരംബിക്കുന്നത്.ആദ്യം അമിനി ദ്വീപിലെത്തിയ അദ്ദേഹം തദ്ദേശിയവാസികളുടെ ആക്രമണം സഹിക്കാനാവാതെ ആന്ത്രോത്ത് ദ്വീപിലേക്ക് യാത്ര തിരിക്കുകയായിരുന്നു.ആന്ത്രോത്ത് ദ്വീപിലെത്തിയ അദ്ദേഹം വന്നിറങ്ങിയ സ്ഥലമാണ് കണ്ടേത്ത് കുന്ന് എന്ന പേരില്‍ പ്രശസ്തമായത്.ആ ചരിത്ര ഭൂമി സന്ദര്‍ശിക്കാന്‍ സാധിക്കുക എന്നത് ജീവിതത്തില്‍ ലഭിക്കുന്ന ഒരു സ്വഭാഗ്യമാണ്.അങ്ങനെയൊരു സ്വഭാഗ്യം 2014 ഫ്രബ്രവരി 2ന് എന്‍റെ ജീവിതത്തിലും കൈവന്നു.ആ പുണ്യഭൂമിയില്‍ കഴലൂന്നി നില്‍ക്കാന്‍ തുണച്ച സര്‍വ്വശക്തന് സ്തുതി.
മഹാത്മാഗാന്ധി സീനിയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ വിദ്യാര്‍ത്ഥിയായ ഞാന്‍ സഹപാഠികള്‍ക്കൊപ്പമാണ് കണ്ടേത്ത് കുന്ന് സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്.120 ഓളം വിദ്യാര്‍ത്ഥികളും 4 അദ്യാപകരും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ സംഘം.മലയാളാദ്യാപകന്‍ ഡോ.കോയമ്മകോയ(മാപ്പ്ളാടന്‍) സാറിന്‍റെ നേത്യത്വത്തിലാണ് ഈ പിക്കിനിക്ക് സംഘടിപ്പിച്ചത്.അദ്യാപകന്‍,സാഹിത്യകാരന്‍,ലക്ഷദ്വീപ് കലാഅക്കാദമി ഡയരക്ക്റ്റര്‍ എന്നീനിലകളില്‍ പ്രമുഖനാണ് അദ്ദേഹം.മാപ്പ്ളാടന്‍ സാറിന്പുറമെ ഹിന്ദി അദ്യാപകന്‍ ആസിഫ് സാര്‍,അറബിക്ക് അദ്യാപകന്‍ ഹുസൈന്‍ സാര്‍,ലൈബ്രറിയന്‍ നല്ലകോയ സാര്‍ എന്നിവരും ഞങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്നു.

ഹുസൈന്‍ സാര്‍,ആസിഫ് സാര്‍,നല്ലകോയ സാര്‍

സ്ക്കൂളില്‍ നിന്ന് ആരംഭിച്ച യാത്ര കണ്ടേത്ത് കുന്നിനേ ലക്ഷ്യമാക്കി നീങ്ങി.ലക്ഷ്യസ്ഥാനം സ്ക്കൂളിന്‍നിന്ന് അടുത്തായതിനാല്‍ കാല്‍നടയാത്രയായിരുന്നു.അദ്യാപകര്‍ക്ക് പിറകെ കുട്ടികള്‍ വരിവരിയായി നീങ്ങി.ഞാറായ്ച്ച ആയതിനാല്‍ വിദ്യാര്‍ത്ഥികളെല്ലാം വര്‍ണ്ണശബളമായ വസ്ത്രങ്ങളാല്‍ തിളങ്ങിയിരുന്നു.അത് മറ്റ് യാത്രികര്‍ക്ക് കൌതുകമുണര്‍ത്തുന്നതിന് വഴിയൊരുക്കി.

റോഡ് കയറി കൂറേ ദൂരം നടന്നപ്പോള്‍ ഒരു വളവുകണ്ടു.ആ വളവുതിരിഞ്ഞെത്തിയത് കുണ്ടും കുഴിയും നിറഞ്ഞ പാതയില്‍.തഴച്ച് വളര്‍ന്ന ചെടികള്‍ക്കിടയില്‍ നിര്‍ജനമായ വീഥി.അവിടന്ന് അകലെ നോക്കുബോള്‍ പച്ചപുതച്ച കാട് തോന്നിക്കുന്ന കാഴ്ച്ച.ദൂരക്കാഴ്ച്ചയില്‍ അവ വളരെ നിബിഡമാണെന്നു തോന്നിയങ്കിലും അവക്കുള്ളിലൂടെ നടന്നപ്പോള്‍ ആവേശകരമായ അനിഭൂതികളാണ് ഞങ്ങളെ എതിരേറ്റത്.കുറച്ചുകൂടി മുബോട്ട് നടന്നപ്പോള്‍ ചെറിയൊരു കുന്ന് കണ്ടു.അതിന് മുകളില്‍ ഒരു സ്മാരകവും.ലക്ഷദ്വീപില്‍ ഇസ്ലാം മതത്തിന്‍റെ പിറവിയടുക്കുന്നത് ഈ കുന്നിന്‍ താഴ്വരയിലാണ്.ഇതാണ് കണ്ടേത്ത് കുന്ന് എന്ന ആ ചരിത്ര ഭൂമി.മഹത്തായ പൂര്‍വ്വ സംസ്ക്യതിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പുണ്യഭൂമി.ഹസറത്ത് ഉബൈദുള്ളാ(റ.അ) എന്ന ആ മഹാനുഭാവന്‍റെ കാല്‍പാദങ്ങള്‍ പതിഞ്ഞ മണ്‍തരികള്‍.ചരിത്രത്തെ അറിയുകയും ആദരിക്കുകയും ചെയ്യുന്ന ആര്‍ക്കും ആവേശം പകരുന്നതാണ് ആ വഴിത്താര.ആ താഴ്വരയിലൂടെ നടന്നു നീങ്ങിയപ്പോള്‍കണ്ടകാഴ്ച്ചകള്‍ കുറചൊന്നുമല്ലാ എന്നെ വിസ്മയിപ്പിച്ചത്.

നബി(സ)യുടെ സ്വപ്ന നിര്‍ദ്ദേശാനുസരണം ഹിജ്റവര്‍ഷം 41ല്‍ ശവ്വാല്‍ 11 തിങ്കളാഴ്ച്ചയാണ് ജിദ്ദയില്‍ നിന്ന് ഹസറത്ത് ഉബൈദുള്ളാ(റ.അ) ദീന്‍ പ്രബോധനത്തിനായ് കപ്പല്‍ കയറിയത്.ആ കപ്പലില്‍ 14 യാത്രികരുണ്ടായിരുന്നു.മലബാര്‍ പ്രദേശത്തിനടുത്തുള്ള ലക്ഷദ്വീപിന് സമീപമെത്തിയപ്പോള്‍ കപ്പല്‍ തകരുകയും അദ്ദേഹം ഒരു പലകയുടെ സഹായത്തില്‍ അടുത്തുള്ള ദ്വീപില്‍ കയറുകയും ചെയ്തു.ലക്ഷദ്വീപില്‍പ്പെട്ട അമിനി ദ്വീപായിരുന്നു അത്.പരിചിതമല്ലാത്ത അദ്ദേഹത്തെ കണ്ട നാട്ടുകാര്‍ നിങ്ങളാരാണെന്നും വരവിന്‍റെ ഉദ്ദേശമെന്താണന്നും തിരക്കി.താന്‍ അബൂബക്കര്‍ സിദ്ദീക്കിന്‍റെ മകന്‍ മുഹമ്മദിന്‍റെ മകന്‍ ഉബൈദുള്ളയാണെന്നും മദീനയില്‍ നിന്ന് വരികയാണെന്നും പറഞ്ഞു.എന്‍റെ ആഗമനോദ്ദേശം നിങ്ങളെ ഇസ്ലാം മതത്തിലേക്ക് ക്ഷണിക്കലാണെന്നും നന്മയുടെ പാതയിലേക്ക് വരണമെന്നും ആഹ്വാനം ചെയ്തു.പക്ഷെ അവര്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ നിരസിക്കുകയും കോപാകുലരാവുകയും ചെയ്തു.എന്നാല്‍ അവര്‍ക്കിടയില്‍ നിന്നും "ഫിസിയ" എന്ന സ്ത്രി അദ്ദേഹത്തില്‍ വിശ്വസിക്കുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു.ഹസ്രത്ത് ഉബൈദുള്ള(റ.അ) ഫിസിയ എന്ന പേര് മാറ്റി അവര്‍ക്ക് ഹമീദത്ത് എന്ന് നാമകരണം ചെയ്യുകയും ഭാര്യയായി സ്വീകരിക്കികയും ചെയ്തു.അമിനി ദ്വീപില്‍ എതിര്‍പ്പുകള്‍ വര്‍ദ്ധിച്ചപ്പോള്‍ അദ്ദേഹം ഭാര്യയുമൊത്ത് ആന്ത്രോത്ത് ദ്വീപിലേക്ക് യാത്ര തിരിച്ചു.ആന്ത്രോത്ത് ദ്വീപിലെത്തിയ അവര്‍ കാട്ടിലെ പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷിച്ച് അവിടെ താമസിച്ചു.ആ പ്രദേശമാണ് ഈ കുന്നിന്‍ താഴ്വര.നിസ്ക്കരിക്കാനും ദിക്ക്റുകള്‍ ചൊല്ലാനും അദ്ദേഹം ഇവിടം വിനിയോഗിച്ചു.പിന്നീട് ഹസറത്ത് ഉബൈദുള്ളാ(റ.അ)വിന്‍റെ കഠിനമായ പ്രയത്നത്തിലൂടെ ലക്ഷദ്വീപാകെ ഇസ്ലാമിന്‍റെ വെളിച്ചം വിശാന്‍ അദ്ദേഹത്തിന് സാധിച്ചു.

ആ ചരിത്രപുരുഷന്‍റെ ഓര്‍മ്മക്കായ് പിന്നീട് പണിത സ്മാരകമാണ് ഇന്നിവിടെ നിലകൊള്ളുന്നത്.സ്മാരകത്തിന് മുന്‍വശത്ത് ഒരു കിണറും സ്ഥാപിച്ചിട്ടുണ്ട്.4.66 കിലോമീറ്റര്‍ നീളവും 1.43 കിലോമീറ്റര്‍ വീതിയുമ്മുള്ള ആന്ത്രോത്ത് ദ്വീപിന്‍റെ മധ്യഭാഗം കണ്ടേത്ത് കുന്ന് സ്ഥിതിചെയ്യുന്ന ഈ പ്രദേശമാണത്രേ!.ഇവിടെത്തേ ജുമാത്ത് പള്ളിയിലെ മഖ്ബറയില്‍ ആ വിശ്രുതനിന്ന് അദ്യവിശ്രമം കൊള്ളുകയാണ്.

വിദ്യാര്‍ത്തികള്‍ മാപ്പ്ളാടന്‍ സാറിനൊപ്പം

കണ്ടേത്ത് കുന്ന് സന്ദര്‍ശിച്ച ശേഷം ഞങ്ങള്‍ അവിടത്തെ കാനനവഴികളിലൂടെ ചുറ്റിനടന്നു.തെങ്ങുകളും മരങ്ങളും നിറഞ്ഞ് നില്‍ക്കുന്ന പുഷ്ടി പ്രദേശം.പച്ച പരവതാനി വിരിച്ചത് പോലെ പരന്ന് കിടക്കുന്ന പ്രക്യതി രമണിയമായ ഭൂപ്രക്യതി.മ്യഗങ്ങള്‍ മേഞ്ഞ് നടക്കുന്നു.മരച്ചില്ലകളില്‍ വിഹരിക്കുന്ന പക്ഷി ലദാതികള്‍.തെങ്ങോലകള്‍ക്കിടയിലൂടെ പ്രകാശം പരത്തുന്ന സൂര്യകിരണങ്ങള്‍.അങ്ങനെ ഹ്യദയസ്പര്‍ശിയായ നിരവധി ദ്യശ്യവിസ്മയങ്ങള്‍.അവിടെ കാണുന്ന ഓരോ കാര്യങ്ങളും മാപ്പ്ളാടന്‍ സാര്‍ വിവരിച്ച് കൊണ്ടിരുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശം ക്യഷിക്ക് മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്.അന്നിവിടെ തെങ്ങുകളൊന്നും ഉണ്ടായിരുന്നില്ലത്രേ.നെല്ല്,ചോളം,റിഗി,മുത്താറി,കിഴങ്ങ്,കരിമ്പ് തുടങ്ങിയ വിളകള്‍ ഇവിടെ ക്യഷി ചെയ്തിരുന്നു.നെല്ല് ക്യഷിക്ക് വേണ്ടി പ്രതേകം സജ്ജമാക്കുന്ന സ്ഥലത്തെ "ഫൌല്‍" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.കാലഹരണപ്പെട്ട്കൊണ്ടിരിക്കുന്ന ഫൌലിന്‍റെ ചെറുഭാഗങ്ങള്‍ ഇന്നും കാണാം.പല നിറത്തിലും വലിപ്പത്തിലുമുള്ള നാല് തരം നെല്ലുകള്‍ ഇവിടെ ക്യഷി ചെയ്തിരുന്നു.ആന്ത്രോത്ത്,കല്‍പ്പേനി എന്നീ ദ്വീപുകളിലാണ് പണ്ട് വലിയ തോതില്‍ ക്യഷി ചെയ്തിരുന്നത്.ആറുമാസത്തേക്കുള്ള ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നതിന് പുറമേ ഇവിടന്ന് മറ്റു ദ്വീപുകളിലേക്കും കയറ്റുമതി ചെയ്തിരുന്നു.അധ്വാനശീലരായ നമ്മുടെ പൂര്‍വ്വികള്‍ പൊന്ന് വിളയിച്ച ഈ ഭൂമിയില്‍ ഇന്ന് അവശേഷിക്കുന്നത് സര്‍ക്കാറിന്‍റെ പച്ചക്കറി തോട്ടം മാത്രം.

ഫൌല്‍

പച്ചക്കറി തോട്ടം


സ്ക്കൂളിലേക്കുള്ള മടക്കയാത്രയില്‍ കണ്ടേത്ത് കുന്നിനേക്കാള്‍ വലിപ്പമുള്ള മറ്റൊരുകുന്ന് സന്ദര്‍ശനത്തിന് വഴിയൊരുക്കി.ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും വളര്‍ച്ചമൂലം മനുഷ്യന്‍ പ്രക്യതിയോടുള്ള ബന്ധമറ്റ് യാന്ത്രികതയിലേക്ക് നീങ്ങുന്നതിന്‍റെ നേര്‍ക്കാഴ്ച്ചയാണ് അവിടെ കാണാന്‍ കഴിഞ്ഞത്.മീറ്ററോളം ഉയരത്തില്‍ നില്‍ക്കുന്ന ആ കുന്ന് ഭാഗികമായി നശിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്.കുന്നിന്‍ ചെരിവുകളില്‍ ധാരാളം കൊത്ത് കല്ലുകള്‍ നിരത്തി വെച്ചത് കാണാം.

കൊത്ത് കല്ലുകള്‍
ഈ കല്ലുകള്‍കൊണ്ടാണ് പഴയകാലത്ത് വീടുകള്‍ നിര്‍മ്മിച്ചിരുന്നത്.ഇന്നും ഖബര്‍ നിര്‍മ്മാണനത്തിന് ഉപയോഗിച്ച് വരുന്നത് ഈ കല്ലുകളാണ്..ഇത്പോലെ ഏതാണ്ട് 168 ഓളം കുന്നുകള്‍ ആന്ത്രോത്തിലുണ്ടായിരുന്നുവത്രേ.കാലക്രമേണെ മനുഷ്യന്‍റെ ദുഷ്ചെയ്തികള്‍ മൂലം വെറും 30ല്‍ പരം കുന്നികള്‍ മാത്രമെ ഇന്നിവിടെ ബാക്കിയുള്ളു.കണ്ടേത്ത് കുന്ന്,മുല്ലകുന്ന്,കാക്കച്ചി കുന്ന്,കുന്‍റാത്ത് കുന്ന്,കറുവ കുന്ന്,കൊക്കത്തി കുന്ന്,കസ്തൂരി കുന്ന്,കുന്‍റാത്ത മല്‍ക്കുറ്റ കുന്ന്,ഫറിങ്കിയ അറുത്ത കുന്ന്,ഫാഞ്ഞെത്തി കുന്ന്,ഫുള്ള കരയിന്‍റെ കുന്ന്,ഫാലാല കുന്ന്,തൊട്ട് മറീന്‍റെ കുന്ന്,തായ് കുന്ന്,ഉണ്ട കുന്ന്,സെയ്ത് കുന്ന്,മഞ്ചാടി കുന്ന്,അമ്മിക്കുന്ന്,ബെലിയാള കുന്ന്,സര്‍ക്കാമ്മാട കുന്ന് തുടങ്ങിയവയാണ് ആന്ത്രോത്ത് ദ്വീപിലെ പ്രശസ്തമായ കുന്നുകള്‍.ഭൂനിരപ്പില്‍ നിന്ന് മീറ്ററോളം ഉയര്‍ന്ന് നില്‍ക്കുന്ന ഈ കുന്നുകള്‍ പ്രക്യതി ദത്വമല്ല,മുഷ്യനിര്‍മ്മിതമാണ് എന്നതാണ് ഇവയുടെ പ്രതേകത.ആദ്യകാലത്ത് ക്യഷിക്ക് വേണ്ടി സ്ഥലമൊരുക്കിയപ്പോള്‍ മാറ്റിയിട്ട മണ്ണാണ് പിന്നീട് കുന്നുകളായി രൂപാന്തരം പ്രാപിച്ചത്.

ഒരുപാട് കാഴ്ച്ചകളും അതിലേറെ അറിവും പകര്‍ന്ന് നല്‍കിയ ഈ പഠനയാത്ര അവിസ്മരണീയമായ അനുഭൂതിയാണ് എന്നില്‍ പ്രകമ്പനം കൊള്ളിച്ചത്.ചരിത്രമുറങ്ങുന്ന ആ താഴ്വരയില്‍ നിന്ന് പൂര്‍വ്വസൂരികളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന നിര്‍വ്യതികൊള്ളുന്ന മനസ്സുമായി വീണ്ടും മഹാത്മാഗാന്തി സീനിയര്‍ സെക്കന്‍ഡറി സ്ക്കൂളിന്‍റെ പടവുകളിലേക്ക് യാത്ര തിരിച്ചു.by Hashim Hadique

1 comment:

  1. കണ്ടേത്ത് കുന്ന് അല്ല . . കണ്ടെത്തി കുന്ന് എന്നാണ്

    ReplyDelete

Post Bottom Ad