സര്‍പ്രൈസ് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

സര്‍പ്രൈസ്

ഓള്‍ഡ് ബ്ലോക്കില്‍ നിന്ന് ന്യൂബ്ലോക്കിലേക്ക് ഞങ്ങള്‍ നടന്നു നീങ്ങി. നിര്‍ത്താതെ ചിലച്ച് കൊണ്ടിരിക്കുന്ന സുഹൃത്ത്കളുടെ ഇടയിലൂടെ ഞാന്‍ നടന്ന് ക്ലാസിലെത്തി. വേഗം പോയിലെങ്കില്‍ സാറിനെ മാത്രം നോക്കിയിരിക്കേണ്ടി വരും. പോരാത്തതിന് ചോദ്യശരങ്ങള്‍ നമ്മുടെ നേര്‍ക്ക് സാറ് പ്രയോഗിച്ച്കൊണ്ടിരിക്കും. ഇതില്‍നിന്നൊക്കെ രക്ഷപ്പെടാനാണ് ഞാന്‍ സുഹൃത്തുക്കളെപ്പോലും വകവെക്കാതെ നേരത്തെ വന്ന് സ്ഥാനമുറപ്പിച്ചത്.
ക്ലാസ് പെണ്‍ക്കുട്ടികളെ കൊണ്ട് നിറഞ്ഞു. അധികം ആണ്‍ക്കുട്ടികളും സെക്കന്‍റ് ലാംഗ്വുയേജ് ക്ലാസ് കണ്ടിട്ടേ ഇല്ല. അത്കൊണ്ട് തന്നെ കാക്കക്കൂട്ടത്തില്‍ കല്ലിട്ടത് പോലെ  ശബ്ദം ഉയര്‍ന്ന് കൊണ്ടിരുന്നു. വരാന്തയിലൂടെയുള്ള കാല്‍പ്പെരുമാറ്റങ്ങള്‍ക്ക് അനുസരിച്ച് സംസാരത്തിന് വെതിയാനങ്ങള്‍ സംഭവിച്ച് കൊണ്ടിരുന്നു. തരംഗദൈര്‍ഘ്യം പോലെ പെണ്‍പടയുടെ സംസാരം ഉയര്‍ന്നും താഴ്ന്നും കൊണ്ടിരുന്നു. അപ്പോഴാണ് ആരോ ആ സന്തോഷവാര്‍ത്ത അറിയിച്ചത്. ഇന്ന് സാറ് വന്നിലെന്നും അതിനാല്‍ ക്ലാസ് ഇല്ലെന്നും. കോളേജ് ഇടിഞ്ഞ് പൊളിഞ്ഞ് താഴെ വീഴുമെന്ന് തോന്നിപോകും. ഞാന്‍ ക്ലാസിന്നിറങ്ങി. കെമസ്ട്രി ലാബിന്‍റെ വരാന്തയെ ലക്ഷ്യമാക്കി നടന്നു. അധികം കുട്ടികളും ക്ലാസില്ലാത്തപ്പോള്‍ വന്നടിഞ്ഞ് കൂടുന്ന സ്ഥലങ്ങളിലൊന്നാണ്. എന്‍റെ ഏകദേശം അടുത്തായി കുറച്ച് കുട്ടികള്‍ പരീക്ഷാ പേപ്പര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഞാന്‍ ചുറ്റും നോക്കി. ഒരു ഭാഗത്ത് രാഷ്ടിയ ചര്‍ച്ച നടക്കുന്നുണ്ട്, കോളേജിന്‍റെ ഗൈറ്റിലൂടെ അഗത്തേക്ക് വരുന്നവരും പോകുന്നവരും, കാന്‍റീനിലേക്ക് നടന്ന് നീങ്ങുന്ന അദ്യാപക സംഘം, അവിടെവിടെയായി ഇരിക്കുന്ന ജോഡികള്‍. എന്‍റെ മുന്നിലൂടെ പരിചിതവും അപരിചിതവുമായ മുഖങ്ങള്‍ നടന്നു നീങ്ങികൊണ്ടിരുന്നു.

"നീ ക്ലാസില്‍ കേറിയില്ലെ?"
ഹിന്ദി ക്ലാസും കഴിഞ്ഞ് ഓടികിതച്ചെത്തിയ എന്‍റെ ആത്മ മിത്രം.
സാറ് വന്നില്ലെന്നും പറഞ്ഞ് ഞങ്ങള്‍ ഓള്‍ഡ് ബ്ലോക്കിലുള്ള ഞങ്ങളുടെ ക്ലാസിലേക്ക് നടന്നു. പതിവുപോലെ പി.ജി.ക്ലാസിന്‍റെ മുന്നിലെത്തിയപ്പോള്‍ അറിയാതെ കണ്ണ് ജനലിലേക്ക് പതിഞ്ഞു. ഞാന്‍ തിരയുന്ന കണ്ണുകള്‍ എന്നെ നോക്കിയിരിക്കുന്നു. ഞാന്‍ പെട്ടന്ന് കാണാത്ത ഭാവം നടിച്ചു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആദ്യ വര്‍ഷം മുതല്‍ ഇവന്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയതാണ്. അന്ന് അവന്‍ അവസാന വര്‍ഷമായിരുന്നു. ബസ്സ് സ്റ്റോപ്പിലും, കോഫീ ഷോപ്പിലും, കോളേജിലെ ഓരോ പരിപാടികളിലും എനിക്ക് കാണാന്‍ പാകത്തില്‍ എവിടെയെങ്കിലുമുണ്ടാവും. ഒരിക്കല്‍ അച്ചു എന്നോട് ചോദിച്ചിട്ടുണ്ട് "ഈ ചെങ്ങായി എന്താ ഇങ്ങനെ നോക്കുന്നതെന്ന്". ആദ്യമാദ്യം എനിക്കും തോന്നീട്ടുണ്ട് പക്ഷേ അറിയില്ല ഞാന്‍ എപ്പോഴാണ് അവനെ ഇഷ്ടപെട്ടു തുടങ്ങിയതെന്ന്. അവസാന വര്‍ഷവും കഴിഞ്ഞ് അവന്‍ ഈ കോളേജിന്ന് പോവുന്നതറിഞ്ഞ് ഒരുപാട് സങ്കടം തോന്നി. പിന്നീടുള്ള ദിവസങ്ങളില്‍ ഒരു ഏകാന്തത പോലെ...ആ ഏകാന്തതയെ തട്ടിമാറ്റികൊണ്ട് അവന്‍ വീണ്ടും കോളേജില്‍... നഷ്ടപ്പെട്ടത് തിരിച്ച് കിട്ടിയത് പോലെ. വീണ്ടും അവന്‍റെ നോട്ടങ്ങള്‍ ഞാന്‍ ആസ്വദിച്ച് തുടങ്ങി.
കോളേജ് വിട്ട് വീട്ടില്‍ പോകാന്‍ തോന്നുന്നില്ലാ.
"രാത്രിയും കൂടി കോളേജ് ഉണ്ടായിരുന്നെങ്കില്‍"
ഒരു ദിവസം ഞാന്‍ അച്ചുവിനോട് പറഞ്ഞു. അവള്‍ എന്നെ കളിയാക്കി ചിരിച്ചു. അവള്‍ക്ക് എന്‍റെ സൗഹൃദമൊഴിച്ച് ബാക്കിയെല്ലാം മടുത്തിരുന്നു.
പരാചയപെടണമെന്ന് ഒരുപാട് ആഗ്രഹിച്ചു. അവനെ പരിചയപെടാനായി എന്നും തയ്യാറെടുത്തുവരും. പക്ഷേ ധൈര്യമുണ്ടായില്ല. പേരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍... ആരോട് ചോദിക്കാന്‍? ചോദിച്ചാല്‍ അതിനു പിന്നാലെ നൂറു ചോദ്യങ്ങളുമുണ്ടാവും. പരീക്ഷയും, പരിപാടികളും, സമരങ്ങളും, ദിവസങ്ങളും കടന്ന് പോയിക്കൊണ്ടിരുന്നു. �കോളേജ് ദിവസങ്ങള്‍ എണ്ണപ്പെട്ട് തുടങ്ങി. പി.ജി.ക്ലാസുകള്‍ ഒഴിഞ്ഞു. അവര്‍ക്ക് പരീക്ഷാ സമയമായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ തിരയുന്ന കണ്ണുകള്‍ എവിടെയും കണ്ടില്ലാ. അങ്ങനെ വിടപറയല്‍ ദിവസം വന്നെത്തി. എല്ലാവരും കരഞ്ഞു. ഏറ്റവും കൂടുതല്‍ കരഞ്ഞത് ഞാനായിരുന്നു.  എല്ലാവരും വിചാരിച്ചു അച്ചുവിനെ പിരിയുന്ന വേദനയായിരിക്കുമെന്ന്.
അവസാന പരീക്ഷയും കഴിഞ്ഞ് ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ കുറച്ച് ആണ്‍കുട്ടികളുടെ അകമ്പടിയോടെ അവന്‍ കോളേജിലേക്ക് പോകുന്നു. ഒരുപക്ഷേ ഇത് അവസാന കാഴ്ച്ചയാവും. വീട്ടിലെത്തിയിട്ടും ഒരേ ചിന്തയാണ് ഇനി കാണാന്‍ പറ്റുമോ എന്ന്. ഭക്ഷണത്തിന്‍റെ മുമ്പിലിരുന്നപ്പോള്‍ അമ്മ ചോദിച്ചു-
"എന്താ അമ്മൂ ഇയ്യ് ആലോചിക്കുന്നത് ?"
"കല്ല്യാണ പ്രായമായില്ലെ അതിന്‍റെ ചിന്തയാ പെണ്ണിന്"
മുത്തശ്ശി ഉത്തരം കൊടുത്തു.
എനിക്ക് ത്യശൂരില്‍ പി.ജി.ക്ക് അഡ്മിഷന്‍ കിട്ടി. അച്ചുവിന് അവളുടെ നാട്ടിലെ ഏതോ ഒരു കോളേജിലും. ഒരു ഓണാവധിക്ക് വീട്ടിലേക്ക് മടങ്ങുബോള്‍ വഴിയില്‍ വെച്ച് അവന്‍റെ ക്ലാസില്‍ പഠിച്ചിരുന്ന ഒരു ചേച്ചിയെ കണ്ടു. ഇത്രയും നാള്‍ ഞാന്‍ അവനെ കുറിച്ച് ഓര്‍ത്തിരുന്നോ? ഇല്ലെന്ന് തോന്നുന്നു. ഏതായാലും ചേച്ചിയോട് ചോദിക്കണം അവന്‍റെ പേര് ഏന്താണെന്ന്. ആളെ പറഞ്ഞ് മനസിലാക്കി. പേര് "വിനോദ് കുമാര്‍"
ഹോ...ഹിന്ദുവാണ് സമാധാനമായി... ഇപ്പോള്‍ ഏതോ സ്ക്കൂളിലെ മാഷാണ്. എന്തിനാ അന്വേഷണം എന്ന ചോദ്യത്തിന് കുറെ കള്ളങ്ങള്‍ വിളമ്പി രക്ഷപ്പെട്ടു. വിനോദ് കുമാര്‍, വിനു ഏട്ടന്‍ എന്നായിരിക്കും വിളിക്കുന്നത്. അങ്ങനെ ചിന്തിച്ച് വീടെത്തിയതറിഞ്ഞില്ല.
അച്ചുവിനെ വിളിച്ചു. അവളുടെ കല്ല്യാണാലോചനകള്‍ തക്യതിയില്‍ നടക്കുന്നുണ്ടെന്ന് അവള്‍ പറഞ്ഞു.
ഈ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മ തുടങ്ങി എന്‍റെ കല്ല്യാണത്തെ കുറിച്ച് പറഞ്ഞ് ബുദ്ധിമുട്ടിക്കാന്‍.
ഭക്ഷണം കഴിക്കുമ്പോള്‍ അമ്മയോടും മുത്തശ്ശിയോടും ഞാന്‍ പറഞ്ഞു. എന്‍റെ പഠിപ്പ് കഴിയാതെ ഒന്നും ആലോചിക്കണ്ട. ഞാന്‍ കല്ല്യാണം കഴിക്കുന്ന ആളേ ഞാന്‍ തന്നെ കണ്ട്പിടിച്ച് നിങ്ങളുടെ മുന്നില്‍ നിര്‍ത്തി തരാം എന്ന്.�..അച്ഛൻ വിളിച്ചാൽ പറയാം എന്ന് അമ്മ പറഞ്ഞു.
അവധിക്കാലം കഴിഞ്ഞു വീണ്ടും ഹോസ്റ്റൽ മുറിയിൽ അമ്മ വിളിച്ചപ്പോൾ പറയുകയാണ്-
അടുത്ത ആഴ്ച അച്ചുവിന്റെ നിശ്ചയമാണെന്ന്. എനിക്ക് വരാൻ പറ്റിയിലെന്ന് അമ്മ പറഞ്ഞുവത്രെ. അന്ന് മുഴുവനും അച്ചുവിനെ കുറിച്ചായിരുന്നു ചിന്ത. ആരായിരിക്കും അവളുടെ വരൻ. ഇന്നലെ വരെ കളിച്ചു നടന്നവൾ നാളെ വേറൊരുത്തന് സ്വന്തം. എന്നാലും എന്റെ വിനു ഏട്ട൯ ജോലി ചെയ്യുന്ന സ്കൂൾ അറിഞ്ഞിരുന്നെങ്കിൽ ഒരു കത്തെങ്കിലും അയക്കാമായിരുന്നു. എന്നെ ഇപ്പോഴും ഓ൪ക്കുന്നുണ്ടാകുമോ? മൂന്ന് വർഷം ഒന്നും മിണ്ടിയിലെങ്കയിലും ഒരുപാട് കാര്യങ്ങൾ സംസാരിച്ചതുപോലെ. എന്റെ പേരെങ്കിലും അറിയുമോ? എന്റെ ഈശ്വരൻമാരെ എന്നെങ്കിലും എവിടെയെങ്കിലും വെച്ച് ആ കണ്ണുകൾ എനിക്ക് കാണിച്ച് തരണേ...
മാസങ്ങൾ കടന്നു പോയി. അമ്മ വിളിച്ചപ്പോൾ ഒരു വിശേഷം ഉണ്ടെന്നു പറഞ്ഞു. അച്ചുവിന്റെ കല്യാണമാണ് ഡിസംബറിൽ. അപ്പോഴേക്കും നീ വരുമെന്നും അമ്മ പറഞ്ഞുവത്രെ. എന്തായാലും കല്യാണത്തിനെങ്കിലും പോകണം. വീണ്ടും വീട്ടിൽ തിരിച്ചെത്തി. അച്ചുവിന്റെ കല്യാണത്തെ കുറിച്ചാണ് ചർച്ച.
"അച്ചുവിന്റെ ക്ഷണകത്ത് ഇവിടെ എവിടെയോ ഉണ്ടായിരുന്നല്ലോ?"
അമ്മ പറഞ്ഞു. വരൻ
ഏതോ സ്കൂൾ മാഷാന്നാ പറഞ്ഞത്.
"പേര് എന്തായിരുന്നു അമ്മേ?"
"എനിക്ക് അറിയില്ല. നീ അല്ലേ അവളോട് സംസാരിച്ചത്."
"ഏതായാലും അവർക്ക് ഭാഗ്യമുണ്ട്. ഒരു മാഷിനെ കിട്ടിയില്ലേ ."
"അതിനും വേണം ഒരു യോഗം." മുത്തശ്ശിയുടെ അഭിപ്രായം.
എന്റെ കൂടെയുള്ളവരുടെയൊക്കെ കല്യാണം കഴിഞ്ഞെന്നാണ് അമ്മയുടെ പരാതി. എനിക്ക് ഒരാളെ ഇഷ്ടമാണെന്ന് അമ്മയോട് പറഞ്ഞാലോ എന്ന് കുറെ ആലോചിച്ചു. അയ്യോ വേണ്ട. മുത്തശ്ശിക്ക് ഒരു സൂചന കൊടുക്കാം.
സന്ധ്യാ നേരം വിളക്ക് വെച്ചിട്ട് മുത്തശ്ശിയുടെ അടുത്ത് ഇരുന്നു.
"എനിക്ക് ഒരു കാര്യം പറയണം മുത്തശ്ശി"
"എന്താ അമ്മു"
"എനിക്ക് ഒരാളെ ഇഷ്ടമാണ്"
"ആരെ, എന്നെയാണോ?"
"ഇല്ല"
"പിന്നെ"
"മുത്തശ്ശി പ്രശ്നമാക്കരുത്. ഞാൻ കല്യാണം കഴിക്കുന്ന ആളെ ഞാൻ തന്നെ കണ്ടുപിടിക്കുമെന്ന് പറഞ്ഞില്ലെ?"
"എപ്പോ?"
"അന്നൊരു ദിവസം...ഞാൻ ആളെ കണ്ട്പിടിച്ചു"
മുത്തശ്ശി എന്നെ അന്തം വിട്ടു നോക്കിയിട്ട് ഒരു ചോദ്യം.
"നമ്മുടെ ജാതി തന്നെയാണോ?"
"അതെ മുത്തശ്ശി. ഞാൻ അയ്യാളെ കെട്ടികോട്ടെ?"
"എനിക്ക് അറിയില്ല. നിന്റെ അച്ഛൻ വിളിച്ചാൽ ചോദിച്ചു നോക്കാം"
മനസ്സിലൂടെ ഒരു മിന്നൽ കടന്നു പോയത് പോലെ. അന്ന് രാത്രി അച്ഛൻ വിളിച്ചപ്പോൾ അമ്മ ഫോണിൽ പതിയെ സംസാരിക്കുന്നത് കേട്ടു. വിഷയം നേരത്തെ അവതരിപ്പിച്ചത് തന്നെ. ഈശ്വരാ ഞാൻ എവിടെ പോയാണ് കണ്ടുപിടിച്ചു കൊണ്ടുവരിക.
രാവിലെ തന്നെ അച്ചുവിന്റെ കല്യാണത്തിന് പുറപ്പെട്ടു. സാരിയുടുക്കാൻ അമ്മ കുറെ നി൪ബന്ധിച്ചു. എന്റെ കല്യാണത്തിന് മാത്രമേ സാരിയുടുക്കു എന്ന് പറഞ്ഞു. രാവിലെ ആയതുകൊണ്ട് ബസ്സിൽ തിരക്ക് കുറവായിരുന്നു. കല്യാണ ഹാളിലേയ്ക്ക് ആളുകൾ വന്നുകൊണ്ടിരിന്നു. എന്നെ കണ്ടതും അച്ചു ഓടി വന്നു. ഹോ ഇവൾക്ക് ഇത്രയും സൗന്ദര്യമുണ്ടോ?
"എന്തൊരു ഭംഗിയാടി നിന്നെ കാണാൻ"
"മൊത്തം മേക്കപ്പാണ്"
അവളുടെ അനിയൻ പറഞ്ഞു. ആളുകൾ വന്നു നിറഞ്ഞു. ആരോ വന്ന് പറഞ്ഞു ചക്കൻ വന്നൂന്ന്. ആ റൂമിലുളളവരൊക്കെ ചക്കനെ കാണാൻ പാഞ്ഞു, ഞാനും. കാറിന്റെ ഡോർ തുറന്ന് വെള്ള ട്രസ്സിൽ അതാ വരുന്നു വിനോദ് കുമാർ...!
ഞാൻ ബോധം കേട്ട് വീഴുന്നു.
"അമ്മു സ്ഥലമെത്തി"
ഞാൻ കണ്ണു തുറന്നത് നോക്കുമ്പോൾ ബസ്സിലാണ്. അയ്യോ! അപ്പോ അത് സ്വപ്നമായിരുന്നോ? ഇത് എന്ത് സ്വപ്നമാണ്? മനസ്സിൽ ഒരു നൂറു ചോദ്യങ്ങൾ മിന്നി മറഞ്ഞു. മാഷ്ന്നെല്ലേ പറഞ്ഞത്.
"അയ്യോ ഇത് അവൻ തന്നെ വിനോദ് കുമാർ"
ആ മൂന്ന് വർഷം നോക്കിയത് അവളെയായിരുന്നോ? എല്ലാം തകർന്നു... വരണ്ടായിരുന്നു.
ഞങ്ങൾ ഹാളിൽ എത്തിയപ്പോഴേക്കും അച്ചു ഒരുങ്ങുകയായിരുന്നു. ഞങ്ങളെ കണ്ടതും അവൾ അടുത്ത് വന്നു.
"നീ തടിച്ചല്ലോ അമ്മു"
"ആണോ?"
"എങ്ങനെയുണ്ട് എന്നെ കാണാൻ?"
"നല്ല ഭംഗിയുണ്ട്"
സത്യം പറഞ്ഞാൽ എന്റെ മനസ്സ് മുഴുവൻ വേറെ ലോകത്തായിരുന്നു. ഞാൻ ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല. അവളുടെ ചോദ്യത്തിനൊക്കെ അമ്മ മറുപടി കൊടുത്ത്കൊണ്ടേയിരുന്നു.
"നീ അച്ചുവിനെയും കൊണ്ട് മണ്ഡപത്തിലേക്ക് വന്നാൽ മതി"
ഇളയമ്മ പോകുന്നതിനിടയിൽ പറഞ്ഞു.
"അച്ചു വെള്ളം കിട്ടോ കുടിക്കാൻ"
"ആ കുപ്പിയിലുണ്ട്"
പത്ത് പതിനഞ്ച് സെക്കന്റ്കൊണ്ട് കുപ്പി കാലിയാക്കി വെച്ചു. വേറെ ഒരു പെൺ വെള്ളം ചോദിച്ചു വന്നപ്പോൾ അച്ചു എന്നെ തുറിച്ച് നോക്കി. ഞാൻ കാണാത്തപോലെ ഇരുന്നു. ഈശ്വരാ വിനോദ് കുമാർ താഴെ മണ്ഡപത്തിൽ ഇരിക്കുന്നുണ്ടാവും എന്റെ കൂട്ടുകാരിക്ക് വേണ്ടി. ഓടി ചെന്ന് പറഞ്ഞാലോ എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന്. അച്ചുവിനോട് പറഞ്ഞാലോ. അയ്യോ ഞാൻ എന്ത് ചെയ്യും.
"മുഹൂർത്തമായി അച്ചു ഇറങ്ങ്"
അവൾ എന്റെ കൈ പിടിച്ചു ഞാൻ മെല്ലെ പിടിവിട്ട് പിന്നിലേകായി. കൊട്ടും കുരവയുമൊക്കെ കേൾക്കുന്നുണ്ട്. ഞാൻ മേക്കപ്പ് റൂമിൽ തന്നെ ഇരുന്നു. ഇതൊക്കെ കാണാനുള്ള ശക്തി എന്റെ മനസ്സിനില്ല. കുറച്ചു നേരം കഴിഞ്ഞപ്പോൾ അച്ചുവിന്റെ വല്ല്യച്ഛൻ്റെ മകൾ വന്ന് ഒരു കവ൪ തന്നു. അച്ചു തന്നതാണെന്ന് പറഞ്ഞു. അവൾ പോകാൻ ഇറങ്ങുകയാണെന്നും അങ്ങോട്ട് ചെല്ലണമെന്നും. ഞാൻ ആ കവർ പൊട്ടിച്ചു.
     അമ്മുവിന്
എന്ത് എഴുതണമെന്നറിയില്ല. ഇഷ്ടമാണ്. വീട്ടിലേക്ക് ആളെ പറഞ്ഞയച്ചോട്ടെ. മറുപടി പ്രതീക്ഷിക്കുന്നു.
എന്ന്
വിനോദ് കുമാർ
മനസ്സിൽ ഒരു ഉത്സവത്തിന്റെ മേളങ്ങൾ സന്തോഷത്തിൻ്റെ പൂത്തിരികൾ ആകാശത്ത് ചുറ്റും തെളിയുന്ന പോലെ.
അയ്യോ അപ്പോ അച്ചുവിന്റെ ചെക്കൻ. കോണിപ്പടി ഓടി ഇറങ്ങി പോകുമ്പോഴേക്കും അവരുടെ കാർ നീങ്ങി തുടങ്ങി. എല്ലാവരും കരയുകയാണ്. മുത്തശ്ശി കണ്ണു തുടച്ച് തിരിഞ്ഞു നോക്കി. ഞാൻ മാത്രം ചിരിച്ചുകൊണ്ട് നിൽക്കുന്നു.
- മുഹ്സീന കെ.പി 

No comments:

Post a Comment

Post Bottom Ad