Latest Post

കിൽത്താൻ: നെഹ്‌റു യുവ കേന്ദ്രയും ദ്വീപ് കലാ സമിതിയും സംയുക്തമായി നടത്തുന്ന യൂത്ത് കൾച്ചറൽ  ഫെസ്റ്റ് ഫെബ്രുവരി 22ന് കിൽത്താൻ ദ്വീപിൽവെച്ച് നടത്തപ്പെടുന്നു.

ഡാൻസ്, ഒപ്പന, ഡോലിപാട്ട്, നാടകം, കോമഡി ഷോ തുടങ്ങിയ വിവിധ തരം സ്റ്റേജ് പ്രോഗ്രാമുകളും ഉപന്യാസം, ചിത്ര രചന, കഥാ രചന എന്നീ മത്സര ഇനങ്ങളും ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്നു. മത്സരത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 20നു മുൻപ് സ്ഥലത്തെ സബ് ഡിവിഷണൽ ഓഫീസറുടെ കാര്യാലയത്തിന് സമീപമുള്ള കോമൺ സർവീസ് സെന്ററിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 94973 49129, 85479 61369


ആന്ത്രോത്ത് ദ്വീപിലെ എ ടി എം കൗണ്ടർ പ്രവർത്തനരഹിതമായി ആഴ്ചകൾ പിന്നിടുന്നു. പതിവുപോലെ ഈ മാസവും എ ടി എം കൗണ്ടറിൽ നിന്നും പണം പിൻവലിക്കാൻ പറ്റാതെ ദിവസങ്ങൾ പിന്നിടുന്നു. ആന്ത്രോത്ത് ദ്വീപിലെ സിൻഡിക്കേറ്റ് ബാങ്കിന്റെ രണ്ടു എ ടി എം കൗണ്ടറുകളുടെയും അവസ്ഥ ഇതു തന്നെയാണ്.ദിവസങ്ങളായി പണം പിൻവലിക്കാൻ പറ്റാതെ നാട്ടുകാർ പ്രതിസന്ധിയിലാണ്.മാസത്തിൽ പകുതി ദിവസങ്ങളിൽ മാത്രമേ ഈ രണ്ടു എ ടി എം പ്രവർത്ഥിക്കുന്നുള്ളൂ എന്നാണ് നാട്ടുകാരുടെ പ്രതികരണം.ഒരേ സമയം രണ്ടു എ ടി എം കൾ പ്രവർത്തിക്കുന്നത് കാണാൻ പറ്റില്ലതാനും.എല്ലാ മാസങ്ങളിലും ഒരാഴ്ച്ച പിന്നിടുമ്പോൾ എ ടി എം ന് ഏതെങ്കിലും പ്രശ്നം സംഭവിക്കുന്നത് സർവ സാധാരണയാണ്. നെറ്റ് ഇല്ലാ, മെഷീൻ പ്രശ്നം, ഒന്നിൽ പൈസയുണ്ടെങ്കിൽ മറ്റേതിൽ പൈസയില്ലാ, ഇങ്ങിനെ ഓരോരോ കാരണങ്ങൾ പറഞ്ഞു വേണ്ടപ്പെട്ടർ ഒഴിഞ്ഞു മാറുന്നത് സ്ഥിരം കാഴ്ച്ചയാണ്. വൻകരയിൽ നിന്നു മെക്കാനിക്ക്മാർ വന്നു മെഷീൻ പ്രശ്നം പരിഹരിച്ചു പോവുകയും കുറഞ്ഞ ദിവസത്തെ പ്രവർത്തനത്തിന് ശേഷം എ ടി എം കൾ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറുന്നതും സ്ഥിരം കാഴ്ച്ചയായി മാറിക്കൊണ്ടിരിക്കുന്നു. ഈ ഒരു പ്രശ്നത്തിന് പരിഹാരം കിട്ടാതെ ഏറെ മാസങ്ങളായി നാട്ടുകാർ പ്രതിസന്ധിയിലാണ്. അടിയന്തിരമായി അധികൃതർ ഇടപെട്ട് എ.ടി.എം കൗണ്ടറുകളുടെ പ്രവർത്തനം സജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.


റിപ്പോർട്ട്: മുഹമ്മദ് അഫ്താഫ്

ന്യൂദല്‍ഹി: എട്ടു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ മത വിഭാഗങ്ങളെ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. മൂന്നുമാസത്തിനകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. 
ഓരോ സംസ്ഥാനത്തും ന്യൂനപക്ഷങ്ങളെ നിര്‍വചിക്കണമെന്നും മാനദണ്ഡങ്ങള്‍ നിര്‍ണയിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ഉള്ള നിര്‍വചനവും സംസ്ഥാന തലത്തില്‍ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡവും നിശ്ചയിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
സംവരണം പ്രധാനമായും സംസ്ഥാന അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍  ചില സംസ്ഥാനങ്ങളിലെ ഭൂരിപക്ഷ ജനവിഭാഗത്തിനാണ് സംവരണം ലഭിക്കുന്നതെന്നും അവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഭൂരിപക്ഷമായതിനാല്‍ അതതു സംസ്ഥാനങ്ങളില്‍ സംവരണം ലഭിക്കാത്ത സ്ഥിതിയിലാണെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. ഈ വാദം പരിഗണിച്ചാണ് ന്യൂനപക്ഷങ്ങളെ പുനര്‍ നിര്‍വചിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ ന്യൂനപക്ഷ കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയത്.
ജമ്മു കശ്മീര്‍, പഞ്ചാബ്, ലക്ഷദ്വീപ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ന്യൂനപക്ഷങ്ങളെ നിര്‍വചിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്. ഈ എട്ടു സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണ്. ഇതു കണക്കിലെടുത്ത് എട്ടു സംസ്ഥാനങ്ങളിലും ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിച്ച് സംവരണവും മറ്റും നല്‍കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. 
സുപ്രീംകോടതിയുടെ നിര്‍ദേശം ലഭിച്ചാലുടന്‍ ഇക്കാര്യത്തിന്മേല്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ അഡ്വ. ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു. കോടതി നല്‍കിയ സമയപരിധി പാലിച്ചുകൊണ്ട് മൂന്നുമാസത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നാണ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബാധിക്കാത്ത വിഷയമാണിതെന്നാണ് ജനസംഖ്യാ കണക്കുകള്‍ വ്യക്തമാക്കുന്നത്

കടപ്പാട്: ജന്മഭൂമി

മഹാരാഷ്ട്ര: സന്തോഷ് ട്രോഫി പടിഞ്ഞാറ് മേഖലാ ടൂർണമെന്റിന് ഫെബ്രുവരി 7ന് തുടക്കമാകും. ഗ്രൂപ്പ് എയിലെ ആദ്യ ദിനത്തിൽ ഗോവ ദാമൻ ദിയുനെയും മദ്യപ്രദേശ് ലക്ഷദ്വീപ് ടീമിനെയും നേരിടും.
ഗോവ, ദാമൻ ദിയു, മധ്യപ്രദേശ് എന്നീ  ടീമുകളാണ് ലക്ഷദ്വീപിന്റെ ഗ്രൂപ്പിലുള്ളത്.

കോഴിക്കോട്: ഫാറൂഖ് കോളേജിൽ പഠിക്കുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഫിസാ (ഫറൂഖ് ഐലന്റ് സ്റ്റുഡന്റസ് അസോസിയേഷൻ) ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എം.നസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രമുഖ സോഫ്റ്റ് സ്‌കിൽ എക്സ്പേർട്ട് മുഹമ്മദ് ഐക്കൻ മുഖ്യപ്രഭാഷണം നടത്തി.

കേരളത്തിലെ എറ്റവും കൂടുതൽ ലക്ഷദ്വീപ് വിദ്യാർത്തികൾ പഠിക്കുന്ന കോളേജുകളിൽ ഒന്നായ ഫാറൂഖ് കോളേജിൽ ഇത്തരം ഒരു കൂട്ടായ്മ അനിവാര്യമാണെന്നും ദ്വീപ് വിദ്യാർത്തികളുടെ കലാ സാംസ്കാരിക പ്രകടനങ്ങൾക്ക് വേദിയൊരുക്കാൻ ഇതിന് സാധിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എം.നസീർ പറഞ്ഞു.

ഫിസാ പ്രസിഡന്റ് മുഹമ്മദ് ആഷിക്ക് അധ്യക്ഷ സ്ഥാനം അലങ്കരിച്ച പരിപാടിയിൽ മുഹമ്മദ് റൈഹാൻ പ്രാർത്ഥനയും ഫിസാ സെക്രട്ടറി ഇർഫാൻ മുഹമ്മദ് സ്വാഗത ഭാഷണവും നടത്തി. ഫിസാ അഡ്വൈസർ ഡോ.എം.അബ്ദുൽ ജബ്ബാർ, അൽ ഫാറൂഖ് എഡ്യൂക്കേഷൻ സെന്റർ ഡയറക്ടർ ഡോ.കെ.അബ്ദുൽ റഹീം, ഡോ.അബ്ദുൽ ഹമീദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ലക്ഷദ്വീപ് വിദ്യാർത്തികളുടെ കലാവിരുന്നും ചടങ്ങിൽ അരങ്ങേറി. ഹീനാ ജലാൽ പരിപാടിക്ക് നന്ദി പറഞ്ഞു.


അമിനി: 1965ല്‍ ഇന്‍ഡോ പാക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ മുത്ത് കോയയുടെ ഓര്‍മ്മകളുണര്‍ത്തി ഡോക്യുമെന്ററി റിലീസ് ചെയ്തു.   അമിനി, കടമത് , കവരത്തി ദ്വീപുകളിലും കൊച്ചിയിലും കൂടാതെ അദ്ദേഹം പഠിച്ച കോഴിക്കോട് എലത്തൂര്‍ സി എം സി സ്‌കൂളിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന മുത്ത് കോയയുടെ ഓര്‍മ്മകളാണ് ഡോക്യുമെന്ററിയുടെ അടിസ്ഥാനം. 

ദ്വീപിലെ ആദ്യ ജവാന്റെ ഓര്‍മ്മയ്ക്ക്  അമിനി ദ്വീപിലെ സ്‌കൂളിന് മുത്ത് കോയയുടെ പേര് നാമകരണം ചെയ്യുകയും ചെയ്തിരുന്നു. സ്വന്തം നാടിനെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ആ ജവാന്‍ നാടിന്റെ ഉള്ളുതന്നെയാണ് എന്ന് മനസ്സിലാക്കിത്തരുന്ന ഡോക്യുമെന്റ്‌റിയില്‍ അദ്ദേഹത്തോട് ബന്ധം പുലര്‍ത്തിയവര്‍ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു. ഏകദേശം രണ്ട് ആഴ്ച നീണ്ടു നിന്ന അമിനി ഫെസ്റ്റ് 2018ല്‍ വെച്ച് പ്രദര്‍ശനം നടത്തിയ "മുത്ത് ബുളക്ക്" ഡോക്യുമെന്ററിയാണ് ഇപ്പോൾ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.

അമിനി ദ്വീപുകാരനായ ദഹ്‌ലാന്‍ ലക്ഷദ്വീപാണ് ഡോക്യുമെന്‍ററിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശഹീദ് ജവാൻ മുത്തുക്കോയ മെമ്മോറിയൽ ഗവർമെന്റ്‌ സീനിയർ സെക്കന്ററി സ്കൂളാണ് ഡോക്യൂമെന്ററിയുടെ നിർമ്മാണം ഏറ്റെടുത്തത്. കാസിം ബി.സി, തബ്ഷീർ കവരത്തി എന്നിവർ ചേർന്ന് ക്യാമറ കൈകാര്യം ചെയ്ത ഡോക്യൂമെന്ററിയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വിപിൻ വിജയനാണ്. നൗഫർ ഖാൻ, ബിനോയ് കോട്ടക്കൽ, ശ്രീജിത് ചെറുശ്ശേരി, ദീപുപ്രസാദ്, സാഹിർ എന്നിവരാണ് ഡോക്യൂമെന്ററിയുടെ മറ്റ്‌ അണിയറ പ്രവർത്തകർ.

Author Name

Powered by Blogger.